മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾനെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പിടിയിലായത്.
ഉത്തർപ്രദേശിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നാട്ടിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പ കേസ് പ്രതിയായ ഇയാൾ പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.
വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടതായാണ് കേസ്. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി വ്യാജ ആരോപണങ്ങൾ ഉയർത്തുകയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
പോലീസ് അന്വേഷണം തുടരുകയാണ്.
