കോഴിക്കോട് ∙ പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മയുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പ് സ്വദേശിനിയായ പത്മാവതിയാണ് മകന്റെ ക്രൂര മർദനമേറ്റ് മരിച്ചത്.
സംഭവം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ കഴുത്തിൽ പിടിച്ച് ഉയർത്തി, കാൽമുട്ടുകൊണ്ട് നെറ്റിയിലും വയറ്റിലും അടിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. മർദനത്തിൽ വയോധികയുടെ വാരിയെല്ലുകൾ തകർന്നിരുന്നു.
സംഭവശേഷം അയൽക്കാരുടെ സഹായത്തോടെ പത്മാവതിയെ പേരാമ്പ്രയിലെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വത്തുതർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മരിച്ച ഭർത്താവിന്റെ സൈനിക പെൻഷനും സ്വത്തും മൂത്തമകൻ മാത്രമെടുക്കുമെന്ന കാര്യം പറഞ്ഞതാണ് ലീനീഷ് അമ്മയെ ആക്രമിച്ചതെന്ന് കണ്ടെത്തി. ആക്രമണത്തിനിടെ കഴുത്തിലെ സ്വർണ്ണമാല തട്ടിയെടുത്തതായും പൊലീസ് വ്യക്തമാക്കി.
