തന്നെ മര്‍ദ്ദിച്ചത് ‘പിരിച്ചുവിട്ട’ പൊലീസ് ഉദ്യോഗസ്ഥന്‍; ഗുരുതര ആരോപണങ്ങളുമായി ഷാഫി പറമ്പില്‍; സംഘര്‍ഷത്തില്‍ പൊലീസ് ആസൂത്രിത ആക്രമണം നടത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ആസൂത്രിതമായി ആക്രമണം നടത്തിയതായും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷാഫി പറമ്പില്‍ എംപി ആരോപിച്ചു. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നും, ഇയാള്‍ സിപിഎമ്മിന്റെ ഗുണ്ടയാണെന്നും ഷാഫി ആരോപിച്ചു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എംപിയുടെ വെളിപ്പെടുത്തല്‍.


ഷാഫി പറമ്പില്‍ പുറത്തു വിട്ട ചിത്രം

ഷാഫിയുടെ ആരോപണമനുസരിച്ച്, അഭിലാഷ് ഡേവിഡ് ഗുണ്ട-മാഫിയ ബന്ധം മൂലം മുന്‍പ് പൊലീസ് സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. 2023 ജനുവരി 16ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും ജനുവരി 19ന് പുറത്താക്കിയതായും അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും, ഇപ്പോഴും വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിക്കുന്നുവെന്ന് ഷാഫി ആരോപിച്ചു.

പോലീസ് സൈറ്റില്‍ ഇയാളെക്കുറിച്ച് വിവരങ്ങളില്ലെന്നും, വഞ്ചിയൂര്‍ ഓഫീസിലെ സ്ഥിരസന്ദര്‍ശകനാണ് അഭിലാഷ് ഡേവിഡ് എന്നും ഷാഫി പറഞ്ഞു.

സംഘര്‍ഷം രാഷ്ട്രീയ നിര്‍ദേശപ്രകാരമായിട്ടാണ് പൊലീസ് സൃഷ്ടിച്ചതെന്ന് ഷാഫി ആരോപിച്ചു.

“ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. ഞങ്ങള്‍ സംഘര്‍ഷം ഒഴിവാക്കാനായിരുന്നു ശ്രമിച്ചത്,” എന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎസ്പി ഹരിപ്രസാദ് സംഘര്‍ഷ സ്ഥലത്ത് ഗ്രനേഡ് കയ്യില്‍ വെച്ചതെന്തിനാണെന്ന് എംപി ചോദിച്ചു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ഹരിപ്രസാദ് ചോദിച്ചത്, “എംപി ഷാഫി അഡ്മിറ്റായോ?” എന്നായിരുന്നു എന്ന് ഷാഫി പറഞ്ഞു. അതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.

ശബരിമല വിഷയത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് പേരാമ്പ്രയിലെ പൊലീസ് നടപടികള്‍ ആസൂത്രിതമായി നടന്നതെന്നും എംപി ആരോപിച്ചു.

“സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയാണ് ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തില്‍ നടന്നത്. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നതും,” എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

“വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

malayalampulse

malayalampulse