പെരിന്തൽമണ്ണ: വിസ്ഡം സ്റ്റുഡന്റ്സ് കോൺഫറൻസിലെ ലഹരിവിരുദ്ധ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ ഏറെ വാർത്തകളിലായിരുന്നു പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരൻ. വിദ്യാർത്ഥി സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും, ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ, 2025-ലെ പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായിരിക്കുകയാണ് സി.ഐ സുമേഷ്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭർത്താവിന് പിന്തുണ പ്രഖ്യാപിച്ച് സുമേഷിന്റെ ഭാര്യ നീനു ജബ്ബാർ രംഗത്ത് വന്നിരുന്നു. “കാലവും കോലവും മാറുമ്പോൾ പല മുദ്രകളും കിട്ടും, അത് ഏറ്റുവാങ്ങിയാണ് സർവീസ് ജീവിതം മുന്നോട്ട് പോകേണ്ടത്. അവസാന ശ്വാസം വരെ ആത്മാർത്ഥമായി ജോലിചെയ്യാൻ ഭർത്താവിന് ഞാൻ കൂടെയുണ്ടാകും” എന്നായിരുന്നു അവരുടെ വാക്കുകൾ.
സംഭവത്തെക്കുറിച്ച് അന്ന് സുമേഷ് വ്യക്തമാക്കിയിരുന്നത് ഇങ്ങനെയായിരുന്നു:
“രാത്രി 10 മണിവരെയാണ് പരിപാടിക്ക് പെർമിഷൻ ഉണ്ടായിരുന്നത്. സമീപത്ത് നിരവധി ആശുപത്രികൾ ഉള്ളതിനാൽ സമയം പാലിക്കണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. 9.30ന് പരിപാടി അവസാനിപ്പിക്കാമെന്ന് അവർ പറഞ്ഞെങ്കിലും 10.20 വരെ നീണ്ടു. പല തവണ വിളിച്ചിട്ടും നിർത്താതെ വന്നതോടെ നേരിട്ട് പോയി ആവശ്യപ്പെട്ടതാണ്. തുടർന്ന് നിയമപരമായ നടപടികൾ മാത്രമേ എടുത്തുള്ളൂ. ചില മാനുഷിക ഇളവുകളും അനുവദിച്ചിരുന്നു. എന്നാൽ അതാണ് പൊലീസിനെതിരെ ആയുധമാക്കിയതെന്ന്” സി.ഐ വ്യക്തമാക്കി.
പൊലീസ് സേവനജീവിതത്തിലെ സമ്മർദങ്ങളും, വിവാദങ്ങളുമൊക്കെ ഏറ്റുവാങ്ങിക്കൊണ്ട് ആത്മാർത്ഥ സേവനം കൊണ്ടാണ് സി.ഐ സുമേഷ് ഇപ്പോൾ ഈ ബഹുമതിക്ക് അർഹനായിരിക്കുന്നത്.
