“സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ കുതന്ത്രം”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിമാര്‍ ഒരു മാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന സാഹചര്യത്തില്‍ അവരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവരാനും നിയമസഭകളുടെ മേല്‍ ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരം ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

സംഘപരിവാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് നടപ്പാക്കുന്നതെന്നും, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മുമ്പും ജയിലില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ രാജിവെക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് പുതിയ ഭരണഘടനാ ഭേദഗതിയുടെ പിന്നില്‍,” പിണറായി വിജയന്‍ പറഞ്ഞു.

കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ച് അതിന്റെ പേരില്‍ അയോഗ്യരാക്കുക എന്നതാണ് നവഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. “അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ ബിജെപിയിലേക്ക് മാറിയാല്‍ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണ്?” – അദ്ദേഹം ചോദിച്ചു.

ജനാധിപത്യ വിശ്വാസികളാകെ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

malayalampulse

malayalampulse