‘ആരോപണത്തിൽ സത്യമില്ലെങ്കിൽ അത് ചിരിയോടെ നേരിടാനാകും’; ‘കണ്ടും മിണ്ടിയും ഇരുവർ’ പുറത്തിറങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം ‘കണ്ടും മിണ്ടിയും ഇരുവർ’ പുറത്തിറങ്ങി. സർക്കാർതന്നെ മുൻകൈയെടുത്ത് പി.ആർ.ഡി. നിർമിച്ച അഭിമുഖം ക്ലിഫ് ഹൗസിലാണ് ചിത്രീകരിച്ചത്.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്രമോദി ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി ചേർന്നുനടത്തിയ ‘ഇൻ്റർവ്യൂ’ ഓർമ്മിപ്പിക്കുന്നതാണ് പിണറായി വിജയൻ-മോഹൻലാൽ സംഭാഷണമെന്നാണ് ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയുയർന്ന ആക്ഷേപം. മാധ്യമപ്രവർത്തകരെ അകറ്റി നിർത്തുന്ന മോദി ഒരു നടൻ്റെ ചോദ്യങ്ങൾക്കുമുന്നിൽ ഇരുന്നുകൊടുത്തത് അന്ന് ദേശീയതലത്തിൽ ചർച്ചയായിരുന്നു. ഈ മാതൃകയിലാണ് ഇവിടെ ജനപ്രിയനടൻ മോഹൻലാലിനെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് വരാനിരിക്കേ സർക്കാർ പണമുപയോഗിച്ച് പരസ്യപ്രചാരണങ്ങൾ നടത്തുകയാണെന്നും ആരോപണമുണ്ട്.

സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ ഏതു വേഷം ചെയ്യാനാണ് ആഗ്രഹമെന്ന മോഹൻലാലിന്റെ ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സിനിമയിൽ അഭിനയിക്കാനുള്ള കാലം കഴിഞ്ഞല്ലോ. ഇപ്പോൾ പറ്റുന്ന ഒരേ റോൾ ഉള്ളൂ. പ്രായമുള്ള കഥാപാത്രം,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പഠനകാലത്തെ കലാപ്രവർത്തനങ്ങളെക്കുറിച്ചും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും മോഹൻലാലുമായുള്ള സംഭാഷണത്തിൽ പിണറായി വിജയൻ ദീർഘമായി സംസാരിച്ചു. പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് താരം അഭിനയിച്ച സിനിമയും കഥാപാത്രവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഓർത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എം.ടി എഴുതിയ അമൃതംഗമയ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണ്. അതിലെ മോഹൻലാലിന്റെ കഥാപാത്രം ഇഷ്ടമാണ്. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി തോന്നിയിട്ടുണ്ട്,’ പിണറായി വിജയൻ പറഞ്ഞു.

‘ഒരു ഘട്ടത്തിൽ രജനീകാന്ത് സിനിമകളായിരുന്നു ഇഷ്ടം. ആക്ഷൻ പടങ്ങൾ ഇഷ്ടമാണ്. കെടിവിയിൽ സ്ഥിരമായി രജനിപ്പടങ്ങൾ വരുമായിരുന്നു. അതൊക്കെ കാണാറുണ്ടായിരുന്നു,’ പിണറായി വിജയൻ ഓർത്തെടുത്തു.

അമ്മയുടെ വേർപാടിനെക്കുറിച്ചും പിണറായി വിജയൻ മനസ്സു തുറന്നു സംസാരിച്ചു. ‘അന്ന് ഞാൻ തിരുവനന്തപുരത്താണ്. പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറാണ്. എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചു സംസാരിക്കും. അന്നൊരു ദിവസം കമല വിളിച്ചപ്പോൾ സംസാരത്തിൽ ഒരു വ്യത്യാസം തോന്നി. അന്ന് ചടയൻ ഗോവിന്ദനാണ് പാർട്ടി സെക്രട്ടറി. ഞാൻ അന്ന് തന്നെ നാട്ടിലേക്ക് പോയി. രാവിലെ അവിടെ എത്തി. അമ്മയ്ക്ക് വെള്ളം കൊടുത്തു. അതു കഴിച്ച് അമ്മ പോയി. ഞാനും കമലയും മാത്രമേ വീട്ടിലുള്ളൂ. ആരോടെങ്കിലും ഇക്കാര്യം പറയണ്ടേ. പുറത്തിറങ്ങിയപ്പോൾ സുഹൃത്ത് നാണുവിനെ കണ്ടു. പക്ഷേ, എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. നാണുവിന് കാര്യം മനസ്സിലായി. എന്നെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അമ്മയുടെ വേർപാട്,’ പിണറായി വിജയന്റെ വാക്കുകൾ.

അഞ്ചാം തരം കഴിഞ്ഞും പഠനം തുടരാൻ വഴി വച്ച സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി വെളിപ്പെടുത്തി. ‘വലിയ തണൽ അമ്മയായിരുന്നു. എല്ലാവരും പഠിക്കുന്ന കാലമല്ലായിരുന്നു. അഞ്ചാം തരം ആകുമ്പോൾ എല്ലാവരും പഠിപ്പ് നിർത്തും. പിന്നീട് ബീഡി കെട്ടാൻ പോകും. എന്നെ പഠിപ്പിക്കണമെന്ന് അധ്യാപകർ പറഞ്ഞു. അങ്ങനെയാണ് യു.പി ക്ലാസിൽ ചേരുന്നത്. അവിടെ മലയാളം പഠിപ്പിച്ചിരുന്ന മുൻഷി മാഷ് അമ്മയെ വിളിപ്പിച്ചു. എന്റെ നാൾ ഏതാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞ നക്ഷത്രം തെറ്റാണെന്ന് പറഞ്ഞാണ് മാഷ് അമ്മയെ വിളിപ്പിച്ചത്. ജനന സമയം ഒക്കെ ചോദിച്ചപ്പോൾ നക്ഷത്രം വേറെയായിരുന്നുവെന്ന് മാഷ് പറഞ്ഞു. തോൽക്കുന്നതുവരെ പഠിപ്പിക്കാൻ മാഷ് പറഞ്ഞു. അങ്ങനെയാണ് എന്നെ പഠിപ്പിക്കുന്നത്,’ മുഖ്യമന്ത്രി വെളിപ്പെടുത്തി.

കടുപ്പക്കാരൻ ഇമേജ് ബ്രാൻഡ് ചെയ്യപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഞാനൊരു ഇടതുപക്ഷക്കാരൻ, സിപിഎമ്മിലെ പ്രധാനി എന്നൊരു രീതിയിലുള്ള ചിത്രങ്ങളാണ് പലപ്പോഴും വരാറുള്ളത്. പിന്നെ,

എന്നെപ്പറ്റി വരുന്ന വാർത്തകളിൽ ഞാൻ വ്യാകുലപ്പെടാറില്ല. പലപ്പോഴും പാർട്ടിയോടുള്ള എതിർപ്പിന്റെ ഭാഗം എന്നിലൂടെ പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ. അങ്ങനെ ചെയ്യുന്നവരോട് അമർഷമില്ല. എന്നെക്കുറിച്ചു വന്ന വാർത്ത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നുവരെ ഞാൻ ഒരു മാധ്യമപ്രവർത്തകരേയും വിളിച്ചിട്ടില്ല.’

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദ്ദനത്തിൽ ചോര പുരണ്ട ഷർട്ട് ദീർഘകാലം സൂക്ഷിച്ചു വച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇപ്പോൾ ആ ഷർട്ട് തന്റെ കയ്യിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊലിയുരിഞ്ഞു പോകുന്ന മർദ്ദനമായിരുന്നു നേരിടേണ്ടി വന്നത്. അന്നത്തെ പ്രായത്തിന്റെ ബലത്തിലാണ് ആ മർദ്ദനത്തെ അതിജീവിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. പിന്നീട് ആഭ്യന്തരവകുപ്പിന്റെ ചുമതല ലഭിച്ചപ്പോൾ ലോക്കപ്പ് മർദ്ദനങ്ങളോട് സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. അത്തരം കേസുകൾ നേരെ സിബിഐയ്ക്ക് വിടുകയാണ് ചെയ്യാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന പാട്ടു പാടിയാണ് മോഹൻലാൽ അഭിമുഖ സംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടയിൽ മുഖ്യമന്ത്രി ഒരു നാലുവരി പാടണമെന്ന അഭ്യർഥനയും താരം മുൻപോട്ടു വച്ചു. മോഹൻലാലിന്റെ സ്നേഹാഭ്യർഥന ചിരിയോടെ സ്വീകരിച്ച മുഖ്യമന്ത്രി പാട്ടു പാടിയില്ലെങ്കിലും ഉപനിഷത്തിലെ നാലു വരി ശ്ലോകം പ്രിയതാരത്തിനു വേണ്ടി ചൊല്ലി. കുട്ടിക്കാലത്തെക്കുറിച്ചും രാഷ്ട്രീയജീവിതത്തെക്കുറിച്ചുമുള്ള നിരവധി ഓർമകൾ മുഖ്യമന്ത്രി പങ്കുവച്ചു. സംഭാഷണത്തിൽ ഉടനീളം ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി മോഹൻലാലുമായുള്ള 30 വർഷത്തെ സൗഹൃദത്തെക്കുറിച്ചും വാചാലനായി. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന മുഖ്യമന്ത്രിയുടെ ലാളിത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉൾക്കാഴ്ചയുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ‘ഏത് സ്ഥാനവും നിയോഗത്തിന്റെ ഭാഗമാണ്. അവിടെ നിന്ന് മാറേണ്ടി വരും. ആ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയണം. മാറുമ്പോൾ പ്രയാസം ഉണ്ടാകരുത്. ഉള്ളതിൽ സന്തോഷിക്കാൻ കഴിയണം. അതാണ് എന്റെ രീതി. അതിൽ സംതൃപ്തനാണ്,’ മുഖ്യമന്ത്രിയുടെ വാക്കുകൾ.

malayalampulse

malayalampulse