ധർമശാല (കണ്ണൂർ): പിണറായി വിജയൻ പ്രസംഗം ആരംഭിക്കുമ്പോൾ മൈക്കിൽ നിന്നുണ്ടായ അപശബ്ദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ തമാശ സദസ്സിൽ ചിരിപടർത്തി.
“മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്. നേരത്തേതന്നെ തുടങ്ങിയതാണത്…” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൈക്കിലെ ചിലമ്പൽ ശബ്ദം കേട്ട് അദ്ദേഹം പ്രകോപിതനാകുമോ എന്ന ആശങ്കയിലായിരുന്ന സംഘാടകർക്കും ഉദ്യോഗസ്ഥർക്കും ഇത് ആശ്വാസമായി.
കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പ്രസംഗം ആരംഭിച്ചുതുടങ്ങുമ്പോൾ തന്നെ മൈക്കിൽ നിന്ന് അപശബ്ദം കേൾക്കാൻ തുടങ്ങി.
സ്വരാജ് ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്കാരം, മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം എന്നിവ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ശബ്ദം ഉയർന്നത്. തുടർന്ന് പലതവണ അപശബ്ദം ആവർത്തിച്ചെങ്കിലും ശബ്ദം കുറഞ്ഞതിനു ശേഷം പ്രസംഗം തുടരുകയായിരുന്നു മുഖ്യമന്ത്രി.
