“വിജിലന്‍സ് കോടതി പരാമര്‍ശം: പിണറായി വിജയനെതിരെ ഗുരുതര ആരോപണം”: വിഡി സതീശൻ

തൊടുപുഴ: തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരോക്ഷ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ ആളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി സ്വജനപക്ഷപാതമാണ് നടത്തിയതെന്നും സ്വന്തക്കാരെ രക്ഷിക്കാന്‍ അദൃശ്യശക്തികള്‍ പ്രവര്‍ത്തിച്ചെന്നും അധികാരദുര്‍വിനിയോഗം നടത്തിയെന്നുമാണ് വിജിലന്‍സ് കോടതി പറഞ്ഞിരിക്കുന്നത്. പണ്ട് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഇപ്പോഴത്തെ കോടതി വിധിയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്? അന്ന് കെ.എം മാണിയോട് ചെയ്തതിനുള്ള കണക്ക് കാലം ചോദിച്ചു കൊണ്ടിരിക്കുകയാണ്.

പിണറായി വിജയനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി അവിഹിത ബാന്ധവമുണ്ടാക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച ആളാണ് എം.ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ആളായി തൃശൂരിലെത്തി പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കൂട്ടുനിന്നതും ഇതേ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ക്ക് കുടപിടിച്ച ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ ശ്രമിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഹൈക്കോടതിയുടെ പരോക്ഷ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട പിണറായി വിജയന് ഇപ്പോഴത്തെ കോടതി വിധിയില്‍ എന്ത് പറയാനുണ്ട്? ധാര്‍മ്മികതയെക്കാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണ് പിണറായി വിജയന്‍ ചെയ്തത്. 

ടി.പി കൊലക്കേസ് പ്രതികള്‍ക്ക് ഇപ്പോഴും സംരക്ഷണം നല്‍കുന്നത് ഗൂഡാലോച പുറത്തു വരുമെന്ന ഭയത്താലാണ്. അതുപോലെയാണ് എം.ആര്‍ അജിത് കുമാറിനെയും സംരക്ഷിക്കുന്നത്. ഔദ്യോഗികമല്ലാത്ത പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുള്ളതു കൊണ്ടാണ് അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. 

വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ജാതി മത വിദ്വേഷം ഉണ്ടാക്കുകയെന്നത് സംഘ്പരിവാറിന്റെ പ്രത്യക്ഷത്തിലുള്ള അജണ്ടയാണ്. അതുതന്നെയാണ് സി.പി.എമ്മിന്റെയും പരോക്ഷമായ അജണ്ട. ഇത് രണ്ടും ഇപ്പോള്‍ ഒന്നിച്ചു പറയുന്നുവെന്നേയുള്ളൂ. വിദ്വേഷത്തിന്റെ കാമ്പയിനുമായി ആര് ഇറങ്ങിയാലും പ്രതിപക്ഷം അതിനെ എതിര്‍ക്കും. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല. സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും അജണ്ട വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. 

കര്‍ഷകരെയും ജനങ്ങളെയും എങ്ങനെ ദ്രോഹിക്കാമെന്നതിലാണ് സര്‍ക്കാര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഏജന്‍സിയായി ഫോറസ്റ്റ് വകുപ്പ് മാറിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളില്‍ ഈ സര്‍ക്കാര്‍ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മനുഷ്യര്‍ താമസിക്കുന്ന സ്ഥലമെല്ലാം വനഭൂമിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. സി.എച്ച്.ആര്‍ മേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സുപ്രീംകോടതി വിധിയില്‍ അനിശ്ചിതത്വം ഉണ്ടാക്കുന്ന തരത്തിലാണ് വനം വകുപ്പ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ താമസിക്കുന്ന സ്ഥലത്താണ് നിയമം ലംഘിച്ചുവെന്ന നോട്ടീസ് നിയമവിരുദ്ധമായി നല്‍കുന്നത്.

malayalampulse

malayalampulse