ന്യൂ ഡൽഹി: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്ന നഷ്ടമാണിതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
മോദിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു:
“ധർമേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹം സിനിമയുടെ ഐക്കൺ ആയിരുന്നു. ഓരോ വേഷത്തിനും കരുത്തും ആഴവും നൽകിയ അസാധാരണ നടൻ. അദ്ദേഹം അവതരിപ്പിച്ച വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അനേകർക്ക് പ്രചോദനമായിരുന്നു. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയാൽ ധർമേന്ദ്ര ജി കോടിക്കണക്കിന് ഹൃദയങ്ങളിൽ ഇടം നേടി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.”
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
രാജ് താക്കറെ: “സാധാരണക്കാരന്റെ നായകനായിരുന്നു ധർമേന്ദ്ര.” യോഗി ആദിത്യനാഥ്: ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടം.
രാഷ്ട്രീയ-സിനിമാ ലോകങ്ങളിലൊന്നായി നിന്ന ധർമേന്ദ്ര പതിനഞ്ചാം ലോക്സഭയിൽ രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപി എംപിയായി പ്രവർത്തിച്ചിരുന്നു.
ഡിസംബർ 8-ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടൻ ജുഹുവിലെ വസതിയിൽ അന്തരിച്ചത്. കനത്ത സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയ സാഹചര്യത്തിൽ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്കാരം നടത്തി.
ഷാരുഖ് ഖാൻ, രൺവീർ സിംഗ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ അവസാനകർമ്മത്തിൽ പങ്കെടുത്തു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു.
