ദില്ലി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനവുമായി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്ന പുതിയ നികുതി സംവിധാനം അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കും. ഇത് സാധാരണക്കാർക്കും എം.എസ്.എം.ഇ മേഖലയ്ക്കും പ്രയോജനകരമാകും.
നിലവിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുള്ള ജിഎസ്ടി സംവിധാനത്തിൽ, മിക്ക ഉൽപ്പന്നങ്ങൾക്കും 12%യും 18%യും ആണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്രം-സംസ്ഥാനങ്ങൾ തമ്മിൽ കൂടിയാലോചന പൂർത്തിയായെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും മോദി വ്യക്തമാക്കി.
ഇത് ചരിത്രം കുറിക്കാനുള്ള സമയാണ്. ലോകവിപണിയെ നാം ഭരിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കണം. ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിത്. കുറഞ്ഞവില, ഉയർന്ന നിലവാരം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കർഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരെയും താൻ മതിൽ പോലെ നിൽക്കുമെന്ന് മോദി ഉറപ്പ് നൽകി. പാൽ, പഴവർഗ്ഗങ്ങൾ, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്നും മത്സ്യം, അരി, ഗോതമ്പ്, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതി നാല് ലക്ഷം കോടി രൂപയിലധികം എത്തിയതായി അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റിന്റെ താരീഫ് യുദ്ധത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മോദി പ്രസ്താവിച്ചു.
