തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാരത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് നടക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ, കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിക്കുമെന്നാണ് സൂചന.
പിഎം ശ്രീ കരാറിൽ നിന്ന് പിന്നോട്ടുപോകാന്‍ മന്ത്രിസഭാ തീരുമാനം എടുത്തതോടെ ഇടത് മുന്നണിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ലഭിച്ചിരുന്നു. സിപിഎം-സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും, മുന്നണി യോഗത്തിലെ മുഖ്യ ചര്‍ച്ച പിഎം ശ്രീ വിഷയമായിരിക്കും. കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിൽ ഉൾപ്പെടുത്തിയില്ലെന്ന സിപിഐയുടെ പഴയ നിലപാട് തുടരുന്നുണ്ടെങ്കിലും, സമവായം ഉണ്ടായതിനാൽ വിമർശനം ശക്തമാകില്ലെന്നാണ് വിലയിരുത്തൽ.
കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനുള്ള സാഹചര്യം, കേന്ദ്ര ഫണ്ട് നഷ്ടപ്പെടാനുള്ള ആശങ്ക എന്നിവയും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വൈകുന്നേരം നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം.
ഇന്നേ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം സംബന്ധിച്ച് നേത്യത്വം വിശദീകരിക്കും. സിപിഐയുമായുണ്ടായ തര്‍ക്കം തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും പാർട്ടി ഘടകങ്ങളിൽ ശക്തമാണ്.
പാർട്ടി ജനറൽ സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതെന്ന വിലയിരുത്തലും സജീവമാണ്. അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുന്നണി തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
