കുന്നംകുളത്തിന് പിന്നാലെ പീച്ചിയും; പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നു

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദന വിവാദത്തിന് പിന്നാലെ, പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങളും പുറത്തുവന്നത് പോലീസിന് തലവേദനയായി. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് ലഭിച്ചത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്. എന്നാല്‍ കുന്നംകുളം പോലീസിലെ മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവയും പുറത്ത് വിട്ടത്.

ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പീച്ചി സ്റ്റേഷനിലെത്തിയ മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലടക്കുകയും, ഫ്‌ളാസ്‌ക് കൊണ്ടും അടിക്കാന്‍ ശ്രമിച്ചുവെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്. ഭീതിയിലായ ഔസേപ്പ്, പരാതിക്കാരനുമായി ഒത്തുതീര്‍പ്പിനായി അഞ്ചുലക്ഷം രൂപ നല്‍കിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകള്‍ പല തവണ നല്‍കിയിട്ടും ആദ്യം ദൃശ്യങ്ങള്‍ കൈമാറാന്‍ പോലീസ് വിസമ്മതിച്ചു. മാവോവാദി ഭീഷണി, സ്ത്രീസുരക്ഷ തുടങ്ങിയ കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് വിവരാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും സമീപിക്കാനൊരുങ്ങിയപ്പോഴാണ് ദൃശ്യങ്ങള്‍ കൈമാറിയത്.

അസിസ്റ്റന്റ് കമ്മിഷണര്‍, കമ്മിഷണര്‍, ഡിഐജി, ഐജി എന്നിവര്‍ പോലും പ്രതിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. എസ്‌ഐ പി.എം. രതീഷിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്നിട്ട് രണ്ടുവര്‍ഷത്തിലേറെയായിട്ടും നടപടിയ്ക്കായി പരാതിക്കാര്‍ കാത്തിരിക്കുകയാണ്.

malayalampulse

malayalampulse