കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരം 4.30ന് അന്ത്യം സംഭവിച്ചത്.
ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും മോശമാകുകയായിരുന്നു.
തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കരുതെന്ന് നേരത്തെ തന്നെ തങ്കച്ചൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പൊതുദർശനം ഒഴിവാക്കും. നാളെ രാവിലെ 11 മണിക്ക് മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ മൃതദേഹം നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിൽ സംസ്കരിക്കും.
ഏകദേശം അറുപതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയജീവിതത്തിൽ കെ.പി.സി.സി. പ്രസിഡൻറ്, യു.ഡി.എഫ്. കൺവീനർ, എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രി, എറണാകുളം ഡിസിസി പ്രസിഡൻറ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പെരുമ്പാവൂരിൽ നിന്ന് നാലുതവണ നിയമസഭാംഗമായിട്ടുണ്ട്.
പിപി തങ്കച്ചന്റെ നിര്യാണത്തിൽ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു.
