കണ്ണൂര്‍: ശബരിമല അയ്യപ്പ സന്നിധാനത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി. കെ. ശ്രീമതി.
“വിവേചനമില്ലാത്ത ഇടം; ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം” — എന്ന കുറിപ്പോടെ ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
“സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു സാധാരണക്കാരില്‍ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തിയതാണ്”, എന്നും പി കെ ശ്രീമതി കുറിച്ചു.
ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി രാവിലെ 11.45നാണ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയ രാഷ്ട്രപതിയെ ശബരിമല തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍, അംഗരക്ഷകര്‍, ക്ഷേത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
പ്രത്യേക വാഹനത്തില്‍ വെറും 15 മിനിറ്റിനുള്ളില്‍ ശബരിമലയിലെത്തിയ രാഷ്ട്രപതി, പമ്പാ സ്നാനത്തിനു ശേഷം കെട്ടുനിറച്ചാണ് മലകയറിയത്.
ഉപദേവതകളെയും വാവര്‍ സ്വാമി നടയിലും തൊഴുത ശേഷം, വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ച് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി.
