മുന്‍ സി.പി.എം എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി മുഖ്യമന്ത്രി എന്തിനാണ് 13 ദിവസം പൂഴ്ത്തിവച്ചത്? സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ വൈകിപ്പിക്കുന്ന അന്യായം കേരളം അറിയണം; കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്നാണ് പറയുന്ന മുഖ്യമന്ത്രി ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും സ്വന്തം ഓഫീസിലും ഉണ്ടെന്ന് എണ്ണി നേക്കണം; ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് ഫേസ്ബുക്കില്‍ എഴുതുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്തു പറയാന്‍; സമരം ചെയ്യുന്നത് നശീകരണമാണെന്ന മുഖ്യമന്ത്രിയുടെ വാദം കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റം; പിണറായി വിജയന്‍ കാലഹരണപ്പെട്ട ഭരണാധികാരി ആയതുകൊണ്ടാണ് അദ്ദേഹത്തിന് എല്ലാത്തിനോടും പുച്ഛവും പരിഹാസവും
പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (11/12/2025)
പറവൂര്‍:
മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടി നല്‍കി. അത് അദ്ദേഹം നല്‍കിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണ്. അത് അദ്ദേഹം എഴുതിയതല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം അത്രയും നിലവാരത്തകര്‍ച്ചയാണ് ആ മറുപടിയിലുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്വന്തം സൈബര്‍ കിളികളെ പ്രോത്സാഹിപ്പിക്കാനോ അവരുടെ കയ്യടി കിട്ടാനോ വേണ്ടിയുള്ള മറുപടിയാണത്. അദ്ദേഹത്തിന്റെ നിലവാരത്തകര്‍ച്ചയില്‍ പൊതുസമൂഹം വിസ്മയിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
സമരങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പുച്ഛമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. സമരം ചെയ്തതെല്ലാം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. പഴയ കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റമാണ് അദ്ദേഹം കാണിക്കുന്നത്. അദ്ദേഹം ഇടതുപക്ഷമോ കമ്മ്യൂണിസ്‌റ്റോ അല്ല. അദ്ദേഹം തീവ്രവലതുപക്ഷവും ബൂര്‍ഷ്വാ നിലപാടുകള്‍ സ്വീകരിക്കുന്ന ആളുമാണ്. ഭരണകൂടത്തിനെതിരെയും വിഷയങ്ങള്‍ക്കു വേണ്ടിയും ആരും സമരം ചെയ്യാന്‍ പാടില്ല. സമരം ചെയ്യുന്നവരോട് മോദി ഭരണകൂടം ഉള്‍പ്പെടെ വലതു തീവ്രപക്ഷം എടുത്തിരിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ആകെ നടത്തിയ ഒരു സമരം സോളര്‍ കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമാണ്. ആ സമരം സെക്രട്ടേറിയറ്റിലും നഗരത്തിലും ദുര്‍ഗന്ധം ഉണ്ടാക്കിയതോടെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നു. ആ സമരം മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ളത്. മുഖ്യമന്ത്രി ചോദിച്ച ഓരോ ചോദ്യങ്ങളും ആവര്‍ത്തിക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു. എന്നിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
കാലാവസ്ഥാ വ്യതിയാന കൂടി പരിഗണിച്ചു കൊണ്ടാണ് യു.ഡി.എഫ് പല സമരങ്ങളും ചെയ്തത്. പാരിസ്ഥിതികമായ പ്രത്യാഘാതം പരിഗണിച്ചാണ് കെ- റെയിലിനെതിരെ സമരം ചെയ്തത്. പശ്ചിമഘട്ടങ്ങളിലും തീരപ്രദേശങ്ങളിലുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറെയും ഉണ്ടാകുന്നത്. 195 രാജ്യങ്ങള്‍ ചേന്ന് തയാറാക്കിയ കാലവസ്ഥാ റിപ്പോര്‍ട്ടും അതിന്‍ മേല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ പഠനവും നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷമാണ് കേരളത്തിലേത്. കെ റെയിലും വയനാട് തുരങ്ക പാതയും തീരദേശ പാതയും നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മണ്ണിന്റെ ഘടനയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥാ വ്യതിയാനവും പരിഗണക്കാത്തതു കൊണ്ടാണ് ദേശീയ പാത തകര്‍ന്നു വീഴുന്നത്. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരിയെന്നാണ് മറുപടിയിലൂടെ വ്യക്തമാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരയായി മാറാന്‍ സാധ്യതയുള്ള പ്രദേശമാണ് കേരളം. അതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി കൊണ്ടു വന്നപ്പോള്‍ വികസനത്തിന്റെ ഇരകള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവരുടെ പുനരധിവാസത്തിനു വേണ്ടി 472 കോടിയുടെ പദ്ധതിയുണ്ടാക്കിയത്. ഏത് വികസന പ്രവര്‍ത്തനം നടത്തുമ്പോഴും കാലാവസ്ഥാ വ്യതിയാനം പ്രധാനഘടകമായി എടുത്തില്ലെങ്കില്‍ അപകടമുണ്ടാകും. മുന്നൂറ് കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റുകള്‍ കെട്ടിപ്പൊക്കിയും 200 കിലോ മീറ്റര്‍ ദൂരം പത്ത് അടി ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചുമാണ് കേരളത്തില്‍ കെ-റെയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. ഈ നിര്‍മ്മിതികള്‍ കാരണം എവിടെയെങ്കിലും വെള്ളം തങ്ങി നിന്നാല്‍ അതിന്റെ ആഘാതം കേരളത്തിനുണ്ടാകും. അതൊക്കെ ചിന്തിക്കാതെ ഒരു ഭരണാധികാരിയും തീരുമാനം എടുക്കരുത്. പിണറായി വിജയന്‍ കാലഹരണപ്പെട്ട ഭരണാധികാരിയാണ്. 25 വര്‍ഷം പിന്നിലാണ് മുഖ്യമന്ത്രിയുടെ മനോഭാവം. അതുകൊണ്ടാണ് അദ്ദേഹത്തിന് പുച്ഛവും പരിഹാസവും.
സംവാദത്തിന് ഒരാളെയും ഞാന്‍ വെല്ലുവിളിക്കാറില്ല. സംവാദങ്ങള്‍ നല്ലതാണ്. അത് ജനാധിപത്യത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. പക്ഷെ ഇതുപോലെ മറുപടി നല്‍കിയിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് ഫേസ്ബുക്കില്‍ എഴുതുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്തു പറയാനാണ്. ഞാന്‍ നല്‍കിയ മറുപടി അദ്ദേഹം വായിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ ആരോ എഴുതിയെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാതെ മുഖ്യമന്ത്രി ഇത്രയും നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് കരുതുന്നില്ല.
മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ നവംബര്‍ 27 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി കിട്ടിയിട്ടും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബര്‍ എട്ടിനും. പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചത്? കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഒരു എം.എല്‍.എയ്‌ക്കെതിരെ പരാതി കിട്ടിയപ്പോള്‍ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. എന്നാല്‍ മുന്‍ സി.പി.എം എം.എല്‍.എയ്‌ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി മുഖ്യമന്ത്രി എന്തിനാണ് പൂഴ്ത്തിവച്ചത്? അത് ഇരട്ട നീതിയാണ്. പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ എല്ലാ വൈകിപ്പിക്കുകയാണ്. ഈ അന്യായം കേരളം അറിയണം. കോണ്‍ഗ്രസില്‍ സ്ത്രീ ലമ്പടന്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നേക്കിയാല്‍ നന്നായിരിക്കും.
ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് വി.എം സുധീരനെതിരെയും പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 2017-ല്‍ ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടി സ്ഥലം എടുത്തപ്പോള്‍ സമരം ഉണ്ടാകുകയും പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എ.സി മൊയ്തീന്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും പൊലീസിനെ താക്കീത് ചെയ്യുകയും ചെയ്തു. അതിനു പിന്നാലെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സമരക്കാരുടെ ആവശ്യം അംഗീകരിക്കുകയും ന്യായവിലയുടെ പത്തിരട്ടിയാക്കി നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും വീടുകള്‍ക്ക് സമീപം 20 മീറ്റര്‍ എന്നത് രണ്ട് മീറ്ററാക്കി കുറയ്ക്കുകയും ചെയ്തു. സമരത്തിന്റെ പുച്ഛിച്ച മുഖ്യമന്ത്രിയാണ് സമരം ചെയ്തതിനെ തുടര്‍ന്ന് ഇത്രയും മാറ്റങ്ങള്‍ വരുത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗെയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍, ഭൂമിയ്ക്കടിയിലെ ബോംബാണെന്നു പറഞ്ഞ് സമരം ചെയ്തയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്.
വെല്‍ ഡ്രാഫ്റ്റഡ് ഡോക്യുമെന്റാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. അതില്‍ എന്ത് തെറ്റാണുള്ളത്. പെണ്‍കുട്ടി വെല്‍ ഡ്രാഫ്റ്റഡ് പരാതി നല്‍കുന്നതില്‍ തെറ്റില്ല. വെല്‍ ഡ്രാഫ്റ്റഡ് പരാതി എന്നത് ഒരു ഒഫന്‍സല്ല. പരാതിയെ കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തട്ടെ. പരാതി താമസിച്ചത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ച് കോടതിക്ക് മുന്നില്‍ പറയേണ്ട കാര്യങ്ങളാണ്. ഏത് കേസിലായാലും കാലതാമസം ഉണ്ടായി എന്നതു കൊണ്ട് ഒരു ഒഫന്‍സ് ഒഫന്‍സ് അല്ലാതാകുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. പകുതി പരാജയപ്പെട്ട കേസായതു കൊണ്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും. അത് സ്വാഭാവിക നടപടിയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും യു.ഡി.എഫും.
42 വര്‍ഷവും ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടവരാണ് സി.പി.എമ്മും എല്‍.ഡി.എഫും. എല്ലാത്തവണയും എം.വി ഗോവന്ദന്‍ നിയമസഭയില്‍ എത്തിയതും ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയോടെയാണ്. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആ പിന്തുണ ഞങ്ങള്‍ സ്വീകിരിച്ചിട്ടുമുണ്ട്. 42 വര്‍ഷം സി.പി.എമ്മിന് ആ പിന്തുണ സ്വീകരിക്കാം. ജമാഅത്ത് ഇസ്ലാമി അമീറിനെ കാണുന്നതിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. എത്രയോ തവണ ജമാ അത്ത് ഇസ്ലാമി ആസ്ഥാനം സന്ദര്‍ശിച്ച ആളാണ് പിണറായി വിജയന്‍. എന്നിട്ടാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയില്‍ അഭിമാനിക്കുന്നു എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പിണറായി വിജയന്‍ അന്നു പറഞ്ഞത്. കോണ്‍ഗ്രസിന് സാമ്രാജ്യത്വ ധാര്‍ഷ്ട്യം ഉള്ളതുകൊണ്ടാണ് ജമാ അത്ത് ഇസ്ലാമി സാമ്രാജ്യത്വ വിരോധികളായ സി.പി.എമ്മിന് പിന്തുണ നല്‍കിയതെന്നാണ് അന്ന് ദേശാഭിമാനിയില്‍ എഴുതിയത്. മുഖ്യമന്ത്രി ഇങ്ങനെ പരിഹാസ്യനാകരുത്. കാലം മാറിയത് അറിയാതെ കാലഹരണപ്പെട്ടു പോകരുത്.
പത്മകുമാറിന് എതിരെ സി.പി.എമ്മിന് തോന്നുമ്പോള്‍ നടപടി എടുത്താല്‍ പോര. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ഹൈക്കോടി നിയോഗിച്ച എസ്.ഐ.ടി അന്വേഷണം നടത്തി അറസ്റ്റു ചെയ്ത് കോടതി റാമാന്‍ഡ് ചെയ്യുകയും വീണ്ടു നല്‍കിയ ജാമ്യഹര്‍ജി തള്ളി വീണ്ടുമൊരു കവര്‍ച്ച കേസില്‍ പ്രതിയായി നില്‍ക്കുകയാണ് സി.പി.എം. അങ്ങനെയുള്ള ആള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നില്ല. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നയാള്‍ ഇപ്പോഴും പാര്‍ട്ടിക്കാരനാണ്. കൂടുതല്‍ സി.പി.എം നേതാക്കളുടെ പേര് പറയുമെന്ന ഭയം കൊണ്ടാണ് ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കാത്തത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായി. 9 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. എല്ലായിടത്തും അനിശ്ചതത്വമാണ്. പഴയ ഗവര്‍ണര്‍ ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിന് എന്തെങ്കില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റും. ആ ഗവര്‍ണര്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് അനുകൂലമായിരുന്നു.
