ഡൽഹി:
വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. കൃത്യമായ പുകപരിശോധനാ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല എന്ന് പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു.
മലിനീകരണ തോത് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) ന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. ഡിസംബർ 18 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
പ്രവർത്തനക്ഷമത നിലവാരമില്ലാത്ത ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വായുവിൽ പൊടിപടലങ്ങൾ ഉയർത്തുന്ന എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാനും സർക്കാർ ഉത്തരവിട്ടു.
അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളിൽ നിന്ന് വാഹനത്തിന്റെ എമിഷൻ പരിശോധന നടത്തി ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് PUC. പെട്രോൾ പമ്പുകളിലും ആർടിഒ ഓഫീസുകളിലും സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ലഭ്യമാണ്. പരിശോധനയ്ക്കായി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) കയ്യിൽ കരുതണം.
പരിശോധനയിൽ മലിനീകരണ തോത് നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ PUC സർട്ടിഫിക്കറ്റ് അനുവദിക്കും. ബി.എസ്-6 വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും, പഴയ വാഹനങ്ങൾക്ക് ആറ് മാസത്തേക്കുമാണ് സാധാരണയായി സർട്ടിഫിക്കറ്റിന്റെ കാലാവധി.
