പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്കും 20 വർഷം വീതം തടവ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.

തിങ്കളാഴ്ചയാണ് പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

ഇന്ന് രാവിലെ 11.30-ഓടെയാണ് ശിക്ഷ നിശ്ചയിക്കുന്നതിനായുള്ള വാദം ആരംഭിച്ചത്. പ്രതികൾ എല്ലാവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിഭാഗം ശിക്ഷയിൽ ഇളവ് നൽകണമെന്നും വാദിച്ചു.

ഉഭയകക്ഷി വാദം കേട്ടശേഷം ഉച്ച കഴിഞ്ഞ് 4.30-ഓടെയാണ് കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്. പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി യോജിച്ചില്ല. എല്ലാ പ്രതികളിൽ നിന്നുമുള്ള 50,000 രൂപ വീതം പിഴ ഈടാക്കാൻ കോടതിയും ഉത്തരവിട്ടു. കൂടാതെ ഇരയ്ക്ക് 5 ലക്ഷം രൂപ നൽകാനും കോടതി നിർദ്ദേശിച്ചു.

malayalampulse

malayalampulse