അമൃത്സർ അടക്കം മൂന്നിടങ്ങളിൽ ബീഫ്, മദ്യം, പുകയില നിരോധിച്ചു; മൂന്ന് നഗരങ്ങളെ പുണ്യ നഗരമായി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

ഛണ്ഡീഗഡ്: പഞ്ചാബിലെ മൂന്ന് പ്രധാന മതനഗരങ്ങളെ പുണ്യ നഗരങ്ങളായി പ്രഖ്യാപിച്ച നിയമസഭാ പ്രമേയത്തിന് പിന്നാലെ, അവിടങ്ങളിൽ ബീഫ്, മദ്യം, പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു. പഞ്ചാബ് സർക്കാരിന്റെ പുതിയ ഉത്തരവ്:

രൂപ്‌നഗർ ജില്ലയിലെ ആനന്ദ്പൂർ സാഹിബ് ബത്തിന്‍ഡയിലെ തൽവാണ്ടി സാബോ അമൃത്സറിലെ സുവർണ ക്ഷേത്ര ഗാലിയാര എന്നിവിടങ്ങളിലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്.

ഗുരു തേഗ് ബഹദൂറിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്, പഞ്ചാബ് നിയമസഭ ഈ വർഷം ആദ്യമായി തലസ്ഥാനത്തിന് പുറത്താണ് സമ്മേളിച്ചത്.

ഒൻപതാമത് സിഖ് ഗുരുവായ ഗുരു തേഗിന്റെ സ്മരണാർത്ഥമാണ് മൂന്നു സ്ഥലങ്ങളും ഔദ്യോഗികമായി പുണ്യ നഗരങ്ങളായി പ്രഖ്യാപിച്ചത്. നവംബർ 23 മുതൽ സംസ്ഥാനത്ത് നിരവധി സ്മാരകപരിപാടികളും സർക്കാർ സംഘടിപ്പിച്ചു വരുന്നു.

തീരുമാനം പഞ്ചാബ് ജനതയുടെ ദീർഘകാല ആവശ്യം ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു.

“പഞ്ചാബിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ട ഒരു കാര്യമാണ് ഇത്. ഈ സർക്കാരിന് ഇത് നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” — മുഖ്യമന്ത്രി.

അതേസമയം, ഈ പ്രദേശങ്ങൾ മുന്പ്‌ തന്നെ പുണ്യ നഗരങ്ങളായി കരുതപ്പെടുന്ന സ്ഥലങ്ങളാണെന്നും, അവിടങ്ങളിൽ മദ്യവും പുകയിലയും ഇറച്ചിക്കടകളും ഇല്ലെന്ന് കോൺഗ്രസ് എംഎൽഎ പാർഗട്ട് സിംഗ് വ്യക്തമാക്കി.

എന്നാൽ മുഴുവൻ നഗരമൊട്ടുക്കാണോ, അല്ലെങ്കിൽ പ്രവേശന വഴികളിലാണോ നിരോധനം ബാധകമാകുക എന്ന കാര്യം സർക്കാർ വ്യക്തമാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.

malayalampulse

malayalampulse