തൃശൂർ: കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന വിസ്മയ ലോകമൊരുക്കി തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് , രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് സുവോളജിക്കൽ പാർക്ക് ഇന്ന് (ഒക്ടോബർ 28) മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്.
336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. മൃഗങ്ങൾക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങൾ മൃഗശാലയിലുണ്ട്. തൃശൂർ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും.
പുത്തൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദർശകർക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വെർച്വൽ സൂ എന്നിവ ഒരുക്കിട്ടുണ്ട്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടിയോളം രൂപയാണ് പാർക്ക് നിർമ്മാണത്തിനായി ചെലവഴിച്ചത്.
സന്ദർശകർക്കായി പാർക്കിൽ കെ.എസ്.ആര്‍.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവർക്കായിക്കൂടിയാണ് ബസ് സേവനങ്ങൾ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തു കൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക പോയിന്റുകളിൽ ആളുകൾക്ക് ബസ്സിൽനിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും.
ഇതുവഴി ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസ്സിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും.
സർവീസ് റോഡ് , സന്ദർശക പാത ,കംഫർട്ട് സ്റ്റേഷനുകൾ, ട്രാം സ്റ്റേഷനുകൾ, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ സെന്ററുകൾ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാർക്ക് സന്ദർശകർക്കായി തുറക്കുന്നത്.
