ജവഹർ നവോദയ മലപ്പുറം സ്കൂളിൽ റാഗിംഗ് തുടർക്കഥയെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി പ്രിൻസിപ്പാൾ

മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിൽ റാഗിംഗ് വീണ്ടും ആവർത്തിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയരുന്നു. എട്ടാം ക്ലാസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പ്ലസ് വൺ വിദ്യാർത്ഥികൾ കയറി കൂട്ടമായി മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുകയാണ്. ഇടക്കിടെ സമാന സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

ഡിസംബറിൽ പ്ലസ് വൺ വിദ്യാർത്ഥികളിൽ രണ്ടുപേർ ജനൽകമ്പി മുറിച്ച് സ്കൂളിന് പുറത്തേക്ക് ചാടിയ സംഭവത്തെ തുടർന്ന് അവരെ പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം റാഗിംഗ് പരാതിയെ തുടർന്ന് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഏകദേശം 20 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായും വിവരമുണ്ട്.

ഇപ്പോഴത്തെ സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ ചില കുട്ടികളോട് ശാരീരിക ആക്രമണം നടത്തുകയും മാനസികമായി വിഷമം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയതായും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുട്ടികൾ ഭയപ്പാടിലാണ്, പലരും പുറത്തുപറയാൻ മടിക്കുന്നുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. രക്ഷിതാക്കളുടെ പിടിസി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ആൺകുട്ടി സ്‌കൂളിൽ വച്ച് ആത്മഹത്യാശ്രമം നടത്തുകയുണ്ടായി. ഈ കൂട്ടി തൂങ്ങിക്കിടക്കുന്നത് കണ്ട മറ്റൊരു കുട്ടി രക്ഷപ്പെടുത്തുകയാണുണ്ടായത്. വലിയൊരു ദുരന്തമാണ് ഒഴിവായത്.

2 വർഷം മുമ്പ് +2 വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹതൃ ചെയ്ത സംഭവം നടന്നിട്ടും അധികൃതർ മൗനം പാലിച്ചുവെന്ന ആക്ഷേപം ഉണ്ടായിരുന്നു. വിദ്യാർത്ഥിനിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് അന്ന് അധികൃതർ ശ്രമിച്ചതെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഹോസ്റ്റൽ മെസ് ചുമതലക്കാരുടെ വീഴ്ചയാണ് പലപ്പോഴും ഇത്തരം അക്രമസംഭവങ്ങൾക്കും മറ്റും കാരണമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദമാണ് പലപ്പോഴും റസിഡൻഷ്യൽ സ്‌കൂളിലെ റാഗിങ്ങിന് കാരണമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. മലപ്പുറം നവോദയ സ്‌കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുപോലും കുട്ടികൾക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ മുഖത്തേക്ക് പുസ്‌തകങ്ങൾ വലിച്ചെറിഞ്ഞ് അവരെ ഭീഷണിപ്പെടുത്തുക, നഴ്‌സിംഗ് ജീവനക്കാർ വിദ്യാർത്ഥികളെ പീഡിപ്പിക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായി പരാതിപ്പെട്ടിട്ടും അവർക്കെതിരെ നടപടി ഉണ്ടായില്ലെന്നും രക്ഷിതാക്കൾ ചുണ്ടിക്കാട്ടുന്നു.

കുട്ടികളുടെ സുരക്ഷക്കും അച്ചടക്കത്തിനും മുൻഗണന നൽകുന്ന സ്ഥാപനമായതിനാൽ വിഷയത്തെക്കുറിച്ച് സ്കൂൾ അച്ചടക്ക സമിതി അടിയന്തരമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് റോൾക്കോളിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികളോട് കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പുനൽകുകയും ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും പ്രിൻസിപ്പാൾ അറിയിച്ചു.

malayalampulse

malayalampulse