പത്തനംതിട്ട: ബലാത്സംഗ കേസിലെ അതിജീവിതയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ രാഹുല്‍ ഈശ്വറിനും ബിജെപി നേതാവ് സന്ദീപ് വാര്യർക്കും എതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഇരയിലേക്ക് സൂചന നൽകുന്ന വിവരങ്ങളോടുകൂടി രാഹുല്‍ ഈശ്വർ വീഡിയോ പങ്കുവെച്ചതും, അത് ശരിവെക്കുന്ന രീതിയിൽ സന്ദീപ് വാര്യറും പിന്നാലെ പോസ്റ്റ് ശേഖരം ഇറക്കിയതുമാണ് വിവാദത്തിന് കാരണമായത്.
ഈ പോസ്റ്റുകൾ രാഹുൽ അനുകൂല ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും, സൈബർ ആക്രമണം ശക്തമാകുന്നതിനിടയിൽ പിന്നീട് സന്ദീപ് വാര്യർ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
അതേസമയം, ബലാത്സംഗ കേസിലെ പ്രധാനപ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ പിടികൂടാൻ പൊലീസ് പല വഴികളിലും അന്വേഷണം ശക്തമാക്കി. രാഹുലിന്റെ മൊബൈൽ സ്റ്റാഫ് അംഗങ്ങളുടെ കൈവശമുണ്ടാകാനിടയുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇടയ്ക്കിടെ ഫോൺ ഓൺ ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് നിഗമനം.
രാഹുൽ ഇന്നലെയും ഇന്നുമായി മൂന്ന് തവണ വാഹനം മാറ്റി സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് വിട്ട ശേഷം തിരിച്ചെത്തിയോ എന്നതിൽ വ്യക്തതയില്ല.
രാഹുലിന്റെ വിവരം കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ചിനും ഷാഡോ സംഘങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കുറച്ച് നേരം രാഹുലിന്റെ മൊബൈൽ സിഗ്നൽ കാണപ്പെട്ടതായി റിപ്പോർട്ട്. ഡ്രൈവർ, പേഴ്‌സണൽ അസിസ്റ്റൻറ് ഫസൽ എന്നിവരും ഇന്ന് എംഎൽഎ ഓഫീസിലെത്തി.
ഇതിനിടെ, കേസിലെ രേഖകൾ തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം.
