ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വീണ്ടും വോട്ട് ചെയ്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചു.
ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. “ഡല്‍ഹിയില്‍ വോട്ട് ചെയ്ത ചില ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തതായി എനിക്ക് വിവരം ലഭിച്ചു,” രാഹുല്‍ ഗാന്ധി പറഞ്ഞു. എങ്കിലും അദ്ദേഹം വ്യക്തിപരമായ പേരുകള്‍ പരാമര്‍ശിച്ചില്ല.
“ഹരിയാനയിലെ രണ്ട് കോടിയോളം വോട്ടര്‍മാരില്‍ 29 ലക്ഷം പേരുടെ പേരുകള്‍ വ്യാജമായിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വോട്ട് മോഷണം നടത്തി. അതേ തന്ത്രം ബിഹാറിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ബിഹാറിലെ ജനങ്ങള്‍ അത് അനുവദിക്കില്ല,” രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഹരിയാന തെരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിണ്ടാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
