മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് സമാനമായ ഭീഷണി
മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് സമാനമായ സംഭവം വീണ്ടും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുന്നതിനിടെ, രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ത് ദത്തത്രിയാ പവർ മുഖേന സമർപ്പിച്ച അപേക്ഷയിലാണ് ഈ പരാമർശം.
സത്യകി സവർക്കറുടെ വംശപരമ്പരയും സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ ഭീഷണികൾക്ക് കാരണമാണെന്ന് രാഹുൽ വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല, മറിച്ച് ഒരു പ്രത്യയശാസ്ത്രത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും ഇത്തരത്തിലുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ട് ചോർ സർക്കാർ എന്ന മുദ്രാവാക്യം ഉൾപ്പെടെ തന്റെ രാഷ്ട്രീയ ഇടപെടലുകൾ ഭീഷണികളെ വർദ്ധിപ്പിച്ചെന്നും, ബിജെപി നേതാവ് രവനീത് സിംഗ് ബിട്ടു നടത്തിയ ‘രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി’ എന്ന പരാമർശവും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് സെപ്റ്റംബർ 10ന് വീണ്ടും പരിഗണിക്കും.
