ന്യൂഡൽഹി: വി.ഡി. സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നീക്കം ചെയ്യണമെന്ന ആവശ്യം പൂനെ കോടതി തള്ളി. വീഡിയോ നീക്കണമോ വേണ്ടയോ എന്നത് രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.
2023 മാർച്ച് 5-ന് ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിന്റെ അടിസ്ഥാനം. സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും, പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് സവർക്കറുടെ ചെറുമകൻ സാത്യകി സവർക്കർ കോടതിയെ സമീപിച്ചത്.
ഇതിന് മുമ്പ്, സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളിൽ സുപ്രീംകോടതി തന്നെ രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടുണ്ടായിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
“ഇനി ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ നടപടി സ്വീകരിക്കും” എന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ച് നേരത്തെ വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.
