ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ ഉദ്ഘാടന ദിനത്തിൽ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുംതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിജെപിയുടെ തെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾ “അവിശ്വസനീയമാണ്” എന്നും കള്ളവോട്ട് കൊണ്ടാണ് ബിജെപി വിജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർത്തുന്ന ആരോപണങ്ങളിൽ ഒന്നിനും മറുപടി നൽകുന്നില്ല. മോദിയും എൻഡിഎയും ചേർന്ന് ജനങ്ങളുടെ സമ്പത്ത് മോഷ്ടിച്ച് ചില സമ്പന്നർക്കാണ് നൽകുന്നത്. ബിഹാറിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വോട്ട് മോഷണം നടക്കുന്നു,” – രാഹുൽ ഗാന്ധി.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി. സർവേകളിൽ എല്ലായിടത്തും ഇൻഡ്യാ സഖ്യം വിജയിക്കുമെന്ന് പ്രവചിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിക്കുന്നതെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിൽ എസ്‌ഐആർ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ജനങ്ങൾ ഇത് അനുവദിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഉദാഹരണമായി ചൂണ്ടിക്കാട്ടിയ രാഹുൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം ജയിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി sweeping വിജയം നേടിയതിനെതിരെ സംശയം ഉന്നയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നാലുമാസത്തിനുള്ളിൽ ഒരു കോടി പുതിയ വോട്ടുകൾ മഹാരാഷ്ട്രയിൽ ചേർത്തതായി കണ്ടെത്തിയെന്നും, ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
“എന്നിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു. പക്ഷേ വാർത്താസമ്മേളനം നടത്തിയ ബിജെപിയിൽ നിന്നും സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടില്ല,” – രാഹുൽ ഗാന്ധി.
