ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുടെ പേരുകൾ നീക്കം; മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് ആരോപണം
ന്യൂഡല്‍ഹി: വോട്ട് മോഷണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരംഭിച്ച ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിനത്തിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണങ്ങൾ തള്ളിക്കൊണ്ട്, വിമർശനം കൂടുതൽ കടുപ്പിക്കാനാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ തീരുമാനം.
കുടുംബായിലെ അംബായിലാണ് രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവ് രാഹുലിനൊപ്പമുണ്ട്. യാത്രാമധ്യേ വിവിധ ഇടങ്ങളിൽ പൊതുജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിച്ചു.
ഡിയോയിലെ സൂര്യ ക്ഷേത്രവും രാഹുൽ സന്ദർശിക്കും. ഗയയിലാണ് രണ്ടാം ദിവസത്തെ യാത്ര സമാപിക്കുക.
അതേസമയം, ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുടെ പേരുകൾ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സുപ്രിംകോടതി നിർദേശത്തെ തുടര്‍ന്നാണ് പട്ടിക പരിഷ്കരണം നടത്തിയതെന്നും, പുറത്താക്കപ്പെട്ടവരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
ബിഹാറിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ക്രമക്കേട് നടന്നുവെന്നതാണ് രാഹുലിന്റെ ആരോപണം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നുവെന്ന് സംസ്ഥാന കോൺഗ്രസ് ആരോപിച്ചു.
