പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജിവച്ച കാര്യം മാധ്യമങ്ങളോട് സ്വയം രാഹുൽ അറിയിക്കുകയും, ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ ഒഴിഞ്ഞു നിന്നതാണെന്നും വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന നേതാക്കളുടെ പിന്തുണ നഷ്ടമായതോടെയാണ് രാജിയിലേക്ക് എത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ തള്ളിയതിനാൽ അദ്ദേഹം സംഘടനയിൽ ഒറ്റപ്പെട്ട നിലയിലായി. നേരത്തെ എഐസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.
ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും താൻ നിഷേധിക്കുന്നതായി രാഹുൽ വ്യക്തമാക്കി. ആരോപണമുന്നയിച്ചവർക്ക് നിയമപരമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം, രാഹുലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പത്തനംതിട്ടയിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധം നടത്തി. വയനാട്, പാലക്കാട് എന്നിവിടങ്ങളിലും മാർച്ചുകൾ നടന്നു. പാലക്കാട്ട് മഹിളാ മോർച്ചാ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
“പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറ് സംഘടനയ്ക്ക് അപമാനമാണ്” എന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സംസ്ഥാന കമ്മിറ്റിയിൽ തുറന്നടിച്ചിരുന്നു. സഹപ്രവർത്തകരിൽ നിന്നുമുള്ള വിമർശനങ്ങൾക്കിടയിലും മറുപടി നൽകാതെ നിന്ന രാഹുലിന് അവസാനം രാജിയല്ലാതെ വഴിയില്ലാത്ത സ്ഥിതിയായി.
