തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതി. ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ ഭർത്താവാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും എംഎൽഎക്കെതിരെ പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും യഥാർത്ഥ ഇര താനാണെന്നും പരാതിയിൽ ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ മനഃപ്പൂർവ്വം തന്റെ ദാമ്പത്യജീവിതം നശിപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. യുവതി വിവാഹിതയാണെന്ന കാര്യം അറിഞ്ഞിട്ടും പ്രതിയുടെ ലൈംഗിക താൽപര്യവും ലൈംഗിക വൈകൃതവുമാണ് സംഭവങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു.
അച്ഛനും അമ്മയുടെയും ഏക മകനായതിനാൽ അവരുടെ കാര്യങ്ങൾ നോക്കുന്നതിനായി പാലക്കാട്ടേക്ക് വരികയും അവിടെ താമസിക്കേണ്ടിവന്നതായും പരാതിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയ സൗന്ദര്യപിണക്കങ്ങളെ രാഹുൽ മാങ്കൂട്ടത്തിൽ മുതലെടുത്തുവെന്നും ആരോപിക്കുന്നു.
രാഹുലിന്റെ വാദങ്ങളെല്ലാം തെറ്റാണെന്നും, തന്റെ കുടുംബത്തെ ലക്ഷ്യമിട്ട് മനഃപ്പൂർവ്വമാണ് എംഎൽഎ ഇടപെട്ടതെന്നും പരാതിയിൽ പറയുന്നു. തനിക്കും കുടുംബത്തിനുമുണ്ടായ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുതെന്നും, ഇനി ആരും ഇത് ആവർത്തിക്കാതിരിക്കാനാണ് നിയമനടപടിയെന്നും പരാതിക്കാരൻ വ്യക്തമാക്കി.
തനിക്കുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും, യുവതിക്കുണ്ടായ മോശം അനുഭവത്തിനുമെല്ലാം പ്രതി ഉത്തരവാദിയാണെന്നും, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 84 പ്രകാരം കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്..
യുവതി നൽകിയ ലൈംഗികപീഡന പരാതിയിലും മറ്റൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
