രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശവുമായി വി.കെ. സനോജ്

കണ്ണൂർ: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശം ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരാതിക്കാരി വടകരയിലെ ഒരു ഫ്ലാറ്റിലേക്ക് രാഹുൽ ക്ഷണിച്ചതായി മൊഴി നൽകിയതായി ചൂണ്ടിക്കാട്ടിയ വി.കെ. സനോജ്, “ആർക്കാണ് വടകരയിൽ ഫ്ലാറ്റുള്ളത്?” എന്ന് ചോദിച്ചു. ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിന്റേത് ക്രൂരമായ നടപടിയാണെന്ന് വി.കെ. സനോജ് അഭിപ്രായപ്പെട്ടു. വയനാട് ദുരന്തബാധിതർക്കായി യൂത്ത് കോൺഗ്രസ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വീടുകൾ എവിടെയാണെന്നും, അതിനായി സമാഹരിച്ച പണം എവിടെയാണെന്നതിലും ഇപ്പോൾ മറുപടികൾ ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്കി ഡ്രോയും ചൂതാട്ടവും വഴിയാണ് രാഹുൽ പണം സമാഹരിച്ചതെന്നും, ദുരന്തത്തെ സ്ത്രീകളെ വശീകരിക്കാൻ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. അതിജീവിതയുടെ ജീവന് ഭീഷണി നിലനിൽക്കുന്നതായും, സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ സ്വാധീനമുപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മുൻകാല സംഭവങ്ങൾ പരിഗണിക്കുമ്പോൾ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാഹുലിനെതിരെ ഐപിസി 376, 506(1) വകുപ്പുകൾക്കൊപ്പം ബിഎൻഎസ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വച്ചുണ്ടായതായി പറയുന്ന സംഭവത്തിനിടെ പരാതിക്കാരിയെ മർദിച്ചുവെന്നുമാണ് ആരോപണം. സംഭവസമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു.

പത്തനംതിട്ട സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് രാഹുലിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. എസ്‌ഐടി അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 12.30ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

malayalampulse

malayalampulse