തിരുവനന്തപുരം: ഡൽഹി–എൻസിആറിൽ നിന്നുള്ള തെരുവ് നായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാൻ സുപ്രീം കോടതി നൽകിയ ഉത്തരവിനെതിരെ എംപിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി എന്നിവർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്.
ഫേസ്ബുക്കിലൂടെയാണ് സനോജ് പ്രതികരണം അറിയിച്ചത്. ഏഴുവയസ്സുള്ള കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ തന്നെയാണ് തന്റെ കുറിപ്പ് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ, കൊല്ലത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയായ നിയ തുടങ്ങി നിരവധി കുട്ടികൾ തെരുവ് നായ ആക്രമണത്തിൽ മരിച്ചിട്ടുണ്ടല്ലോ, ഇവരുടെ വേദന നാം മറക്കാൻ പാടില്ല,” എന്നും സനോജ് കൂട്ടിച്ചേർത്തു.
കേരളത്തിൽ മാത്രം 2024ൽ പേപ്പട്ടി വിഷബാധയേറ്റ് 22 പേർ മരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “റാബീസ് മരണങ്ങൾ മാത്രമല്ല പ്രശ്നം. പേവിഷബാധയില്ലാത്ത തെരുവ് നായ്ക്കളുടെ ആക്രമണങ്ങളും ജീവൻ ഭീഷണിയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് തെരുവ് നായ പ്രേമികളായ രാഹുൽ ഗാന്ധിയും കൂട്ടരും സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതികരിക്കുന്നത് സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷയ്ക്കുള്ള വെല്ലുവിളിയാണ്,” സനോജ് അഭിപ്രായപ്പെട്ടു.
പട്യാല, ബാംഗ്ലൂർ, അലിഗഡ് തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ തെരുവ് നായ ആക്രമണങ്ങളിൽ മരിച്ചവരുടെ ഉദാഹരണങ്ങളും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു. “രാഹുലിനും പ്രിയങ്കയ്ക്കും മനേക ഗാന്ധിക്കുമൊന്നും തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല. എന്നാൽ കുട്ടികളും തൊഴിലാളികളും പ്രായമായവരും വികലാംഗരുമാണ് തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്,” എന്നും വി.കെ. സനോജ് ആരോപിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവ് ക്രൂരമാണെന്നും, നായ്ക്കൾക്കെതിരെ നടപടി വേണ്ടെന്നും പറഞ്ഞ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് സാധാരണ മനുഷ്യരോടുള്ള ധിക്കാരമാണെന്നായിരുന്നു സനോജിന്റെ വിലയിരുത്തൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സാധാരണ സ്‌കൂളില്‍ സുഹൃത്തുക്കളോടൊപ്പം പോകുന്ന ഏഴ് വയസ്സുള്ള കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍, കൊല്ലത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയായ നിയ തുടങ്ങി എത്രയെത്ര കുഞ്ഞുങ്ങളാണ് തെരുവ് നായ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം എങ്ങനെയാണ് നാം മറക്കുക.
ഡല്‍ഹി-എന്‍സിആറില്‍ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള എം.പി.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയാണ്.
രാജ്യത്തെ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ ഒട്ടുമേ മനസിലാക്കാത്ത ഒരാളുടെ ധിക്കാരപരവും എലീറ്റിസവും നിറഞ്ഞ വര്‍ത്തമാനം മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന യില്‍ നിറഞ്ഞു നിന്നത്.
കേരളത്തിലടക്കം നിരവധി നിരപരാധികളാണ് തെരുവ് നായയുടെ അക്രമണത്തിന് ഇക്കഴിഞ്ഞ മാസങ്ങളില്‍ മാത്രം ഇരയായത്. ആ മനുഷ്യരുടെ വേദന കാണാന്‍ കഴിയാത്ത പ്രതിപക്ഷ നേതാവ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ പരാജയമാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തില്‍ മാത്രം പേപ്പട്ടി വിഷ ബാധയേറ്റ് 2024 ല്‍ മരിച്ചത് 22 പേരാണ്. ഇവരെല്ലാവരും സാധാരണ മനുഷ്യരാണ്. റാബിസ് മരണങ്ങള്‍ മാത്രമല്ല പ്രശ്നം. പേവിഷബാധയില്ലാത്ത നായ്ക്കളുടെ ആക്രമണങ്ങളും ജീവന് ഭീഷണിയാകാം. നായ്ക്കളെ പേടിച്ചു മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പല സ്ഥലങ്ങളിലും ഉള്ളത് ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. സുപ്രീം കോടതി വിധിക്കെതിരെ നിലപാട് എടുത്ത് രാഹുല്‍ ഗാന്ധിയും കൂട്ടരും മനുഷ്യാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കുകയാണ്.
പട്യാലയില്‍ വയലില്‍ ജോലി ചെയ്തിരുന്ന 40 വയസ്സുള്ള കര്‍ഷക തൊഴിലാളി ഗുര്‍വീന്ദര്‍ സിംഗ്, ബാംഗ്ലൂരില്‍ പ്രഭാത നടത്തത്തിന് പോയ 68 വയസ്സുള്ള സീതപ്പ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രഭാത നടത്തത്തിന് പോയ 65 വയസ്സുള്ള സഫ്ദര്‍ അലി ഖാന്‍ എന്നിവര്‍ സമീപ വര്‍ഷങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ചില പേരുകള്‍ മാത്രമാണ്. തെരുവ് നായ പ്രേമികളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്ക് തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല. എന്നാല്‍ സാധാരണക്കാരായ, തൊഴിലാളികള്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ തെരുവ് നായ അക്രമത്തിനു ഇരയാകുന്നത്.
സാധാരണ മനുഷ്യരോട് ബന്ധമില്ലാതെ ജീവിക്കുന്ന, അവരുടെ ജീവനും ജീവിത സുരക്ഷയ്ക്കും ഒരു വിലയും നല്‍കാത്ത രാഹുല്‍ ഗാന്ധിയുടെ തെരുവ് നായയ്ക്ക് അനുകൂലമായ മനുഷ്യ വിരുദ്ധ പ്രസ്താവനയെ ജനം തോട്ടില്‍ കളയും.
