തിരുവനന്തപുരം:
ലൈംഗിക ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വധഭീഷണി മുഴക്കിയത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും സ്ത്രീകള്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതിനാല്‍ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.
ഇതിനിടെ, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, പരാതിയില്‍ പറഞ്ഞ യുവതി ആരാണെന്നോ, സംഭവം എപ്പോള്‍ എവിടെയാണെന്നോ വ്യക്തമല്ലെന്നതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.
