നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിലായി. അരുൺ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പോർട്ടർ നടിയെ കടന്നുപിടിച്ചെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

അതേസമയം, കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഒരാൾ അറസ്റ്റിലായി. കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ്‌ എന്ന യുവാവാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി.

കോഴിക്കോട് വെള്ളിമാടുകുന്ന് നിർഭയ എൻട്രി ഹോമിൽ താമസിക്കുന്ന 17 കാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി അപ്സര തിയേറ്ററിന് സമീപത്തെ ലോഡ്ജിൽ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്ന് രാത്രി തന്നെ പെൺകുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തി. സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെട്ടത്.

തുടർന്ന് കേസ് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

malayalampulse

malayalampulse