ന്യൂഡൽഹി ∙ വിമാനത്താവളങ്ങളിൽ പോലെ ഇനി റെയിൽവേ സ്റ്റേഷനുകളിലും ലഗേജ് നിയന്ത്രണം കർശനമാകുന്നു. തുടക്കത്തിൽ രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് സംവിധാനം നടപ്പാക്കുന്നത്. യാത്രക്കാർക്ക് സുഖകരമായ ട്രെയിൻ യാത്രയും അധിക വരുമാനവും ലക്ഷ്യമിട്ടാണ് റെയിൽവേ പുതിയ തീരുമാനം.
ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ
പ്രയാഗ്‌രാജ് ജംക്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൻപൂർ, മിർസാപൂർ, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷൻ എന്നിവ.
ലഗേജ് ഭാരപരിധി (ക്ലാസ് അനുസരിച്ച്)
എസി ഫസ്റ്റ് ക്ലാസ്: 70 കിലോ
എസി ടു ടയർ: 50 കിലോ
എസി ത്രീ ടയർ / സ്ലീപ്പർ ക്ലാസ്: 40 കിലോ
ജനറൽ ക്ലാസ്: 35 കിലോ
പരിധി ലംഘിച്ചാൽ അധിക ചാർജോ പിഴയോ ഈടാക്കും. ഭാരപരിധിക്കുള്ളിലാണെങ്കിലും യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ ലഗേജ് വച്ചാൽ പിഴ നൽകേണ്ടിവരുമെന്നും റെയിൽവേ വ്യക്തമാക്കി.
പുതിയ സംവിധാനം
യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് വെയിങ് മെഷീനുകളിൽ ലഗേജ് പരിശോധിച്ച് ഉറപ്പുവരുത്തണം. പരിശോധനകൾ കഴിഞ്ഞാലേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം അനുവദിക്കൂ.
കൂടാതെ, വിമാനത്താവള മാതൃകയിൽ പ്രീമിയം സ്റ്റോറുകൾ തുടങ്ങാനും റെയിൽവേ പദ്ധതിയുണ്ട്. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകൾക്കാണ് അനുമതി.
