ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഭീകര ബസ് ദുരന്തത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്‌സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് എന്ന സ്ഥലത്താണ് സംഭവം. 57 യാത്രക്കാരെ കയറ്റിയ ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് ആദ്യം പുക ഉയർന്നതും പിന്നീട് തീ പടർന്നതും. രക്ഷപ്പെട്ട യാത്രക്കാരുടെ മൊഴിപ്രകാരം തീ അതിവേഗം പടരുകയായിരുന്നു.
പ്രദേശവാസികള്‍ വെള്ളവും മണ്ണും ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. സമീപത്തെ സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയതായി മാത്രമേ നിരത്തിലിറക്കിയിരുന്നുള്ളു ബസെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ ചിലരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആവശ്യമായിരിക്കും, എന്ന് ജില്ലാ കളക്ടര്‍ പ്രതാപ് സിങ് അറിയിച്ചു.
