ജയ്‌പൂർ: വിള ഇൻഷുറൻസ് തുക നിഷേധിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഒരുകർഷകൻ നടത്തിയ വ്യത്യസ്ത പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നൗഗാർ ജില്ലയിൽ ദിയോറിയ ജാതൻ ഗ്രാമത്തിലെ മല്ലറാം ബവാരിയാണ് പാടത്ത് 500 രൂപയുടെ കറൻസി നോട്ടുകൾ പ്രതീകാത്മകമായി നട്ട് പ്രതിഷേധിച്ചത്. താനെ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ബവാരി പരുത്തി കൃഷിക്കായി ഒരു ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പാടത്ത് വെള്ളം കയറി കൃഷി പൂർണ്ണമായി നശിച്ചു. ആകെ 4,000 രൂപയുടെ വിളവാണ് മാത്രമേ ലഭിച്ചുള്ളൂ.
വിള ഇൻഷുറൻസ് ചെയ്തിരുന്നിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബവാരിയുടെ അത്യപൂർവ്വ പ്രതിഷേധം. ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ പല തവണയും പരാതി നൽകിയെങ്കിലും ഒരു ഉദ്യോഗസ്ഥനും പരിശോധനയ്ക്കായി എത്തിയില്ലെന്നതാണ് ബവാരിയുടെ ആരോപണം.
“നഷ്ടപരിഹാരം നൽകാൻ ആരും തയാറായില്ല. അതിനാൽ തന്നെ, നശിച്ച വിളകൾക്ക് പകരം 500 രൂപ നട്ട് പ്രതിഷേധിക്കാനാണ് തീരുമാനിച്ചത്,” എന്ന് ബവാരി പറയുന്നു.
ആരോപണങ്ങളും പ്രതിഷേധ വീഡിയോയും വ്യാപകമായി പ്രചരിച്ചതോടെ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനരീതിയും ജനകീയ പദ്ധതികളുടെ ലഭ്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
