ഫേസ്ബുക്കിലൂടെ പ്രതികരിച്ച രാജീവ് ചന്ദ്രശേഖർ, “മുഖ്യമന്ത്രി പിണറായി വിജയൻ യഥാർത്ഥത്തിൽ അപലപിക്കുന്നത് എന്തിനെയാണ്? ഏതാനും കുട്ടികൾ ദേശഭക്തി പാട്ടുകൾ പാടിയതിനെതിരെയാണോ നിങ്ങളുടെ പ്രകോപനം?” എന്ന് ചോദിച്ചു.
കുട്ടികൾ പ്രചോദനമുളവാക്കുന്ന കാര്യങ്ങൾ ആഹ്ലാദത്തോടെ ആഘോഷിക്കുമ്പോൾ അതിൽ അസ്വസ്ഥത കാണിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“വന്ദേ ഭാരത് ട്രെയിനിലൂടെ പുതിയ ഇന്ത്യയുടെ കരുത്തും പുരോഗതിയും അവർ അനുഭവിച്ചറിഞ്ഞ ദിവസം, അവരുടെ അഭിപ്രായസ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് എങ്ങനെ അവഗണിക്കാനാകും?” — എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
മുഖ്യമന്ത്രി ആർട്ടിക്കിൾ 19 മറന്നുപോയതാണോ എന്നും അദ്ദേഹം വിമർശിച്ചു.
“കുട്ടികളെ ഭീഷണിപ്പെടുത്താൻ ബിജെപിയും ഞാനും ഒരിക്കലും അനുവദിക്കില്ല — അത് സ്‌കൂളിൽ വെച്ചാലും, കേരളത്തിലെ മറ്റെവിടെ വെച്ചാലും,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തുടർന്ന് മുഖ്യമന്ത്രി അപലപിക്കേണ്ട വിഷയങ്ങളുടെ നീണ്ട പട്ടികയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു —
സംസ്ഥാനത്തെ തകർന്ന ആരോഗ്യവ്യവസ്ഥ, വിദ്യാഭ്യാസ മേഖലയിൽ പാളിച്ചകൾ, ദേവസ്വം ബോർഡുകളിലെ അഴിമതി, സംസ്ഥാന കടബാധ്യത, തൊഴിൽരാഹിത്യം, കർഷക പ്രശ്നങ്ങൾ തുടങ്ങി അനവധി വിഷയങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“കഴിഞ്ഞ പത്തു വർഷത്തെ അഴിമതിയും കെടുകാര്യസ്ഥതയും മതനിരപേക്ഷതയുടെ പേരിലുള്ള മതതീവ്രതയും കേരളത്തെ നഷ്ടപ്പെട്ട ദശകത്തിലേക്ക് തള്ളിയിരിക്കുന്നു,” എന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
“സന്തോഷത്തോടെ ദേശഭക്തി ഗാനങ്ങൾ പാടുന്ന മലയാളി കുട്ടികളെ നമുക്ക് അനുമോദിക്കുകയാണ് വേണ്ടത്,” എന്ന വാക്കുകളോടെയാണ് അദ്ദേഹം പോസ്റ്റ് സമാപിച്ചത്.
പോസ്റ്റിന് ഒടുവിൽ #VandeMataram #JaiHind #BharatMataKiJai എന്നീ ഹാഷ്‌ടാഗുകളും ചേർത്തിട്ടുണ്ട്.
https://www.facebook.com/share/v/14XoDYhMegT/?mibextid=wwXIfr
