പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സർക്കാർ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ബഗേൽ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായത്.
പുലർച്ചെ 2.30 കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. പതിനൊന്ന് മണിയോടെയുള്ള വിമാനത്തിൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്.
റാം നാരായണ്‍ ബഗേലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശരീരമാകെ മര്‍ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. തലയില്‍ ഏറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിയേറ്റ് മസിലുകളിലെ ഞരമ്പുകള്‍ തകര്‍ന്നതായും, വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റതായും, വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിഥി തൊഴിലാളിയായ റാം നാരായണന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. Ram Narayanan mob lynching
