യുവഡോക്ടർ പീഡന കേസ്: റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ **വേടന്‍ (ഹിരണ്‍ദാസ് മുരളി)**യ്ക്ക് ആശ്വാസം. വേടന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബുധനാഴ്ചയും ഹര്‍ജിയില്‍ വാദം തുടരുമെന്ന് കോടതി അറിയിച്ചു. ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. വിവാഹവാഗ്ദാനം നല്‍കി ഉപേക്ഷിച്ചതോടെ താന്‍ മാനസികമായി തകരാറിലായി, ഏറെക്കാലം ചികിത്സ തേടേണ്ടി വന്നുവെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. കൂടാതെ വേടനെതിരേ രണ്ട് ലൈംഗികാതിക്രമ കേസുകള്‍ കൂടി നിലനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പരസ്പരം സ്‌നേഹത്തിലായിരുന്ന കാലത്ത് ഉണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. വേടന്‍ യുവഡോക്ടറുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ലെങ്കിലും, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

പീഡനപരാതിക്കുശേഷം ഒളിവിലായിരുന്ന വേടനെ പിടികൂടാനായിരുന്നില്ല. ഇയാളിനെതിരെ ലുക്കൗട്ട് നോട്ടീസ് പോലീസിന് പുറപ്പെടുവിക്കേണ്ടി വന്നിരുന്നു.

malayalampulse

malayalampulse