തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ, വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിട്ടയച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് വേടൻ ചോദ്യം ചെയ്യലിന് പൊലീസ് മുമ്പാകെ ഹാജരായത്. തൃക്കാക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
യുവഡോക്ടറുടെ പരാതിയെ തുടർന്ന് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, ഉഭയ സമ്മതപ്രകാരമായിരുന്നു ബന്ധം എന്നാണ് വേടൻ കഴിഞ്ഞ ദിവസം പൊലീസിനോട് നൽകിയ മൊഴി.
ഇതിന് പുറമെ മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ആ കേസിലും സെഷൻസ് കോടതി കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.
പരാതികൾ വ്യക്തിഹത്യയ്ക്കായുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ നിലപാട്. “കേസ് കോടതിയുടെ പരിഗണനയിലാണ്, അതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ല. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയും” എന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
