റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; യൂത്ത് കോൺഗ്രസ് ആക്രമണം നിയമവാഴ്ചയ്‌ക്ക് വെല്ലുവിളി: കെയുഡബ്ല്യൂജെ

റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യൂജെ. യൂത്ത് കോൺഗ്രസ് നടത്തിയ ബ്യൂറോ ആക്രമണം നിയമവാഴ്ചയ്‌ക്ക് വെല്ലുവിളിയാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിലെ രണ്ടു വനിത മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) അറിയിച്ചു. ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദ്ദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ലെന്നും യൂണിയൻ പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം പ്രതിഷേധകരമാണെന്നും മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള രാഷ്ട്രീയ പക തീർക്കൽ ജനാധിപത്യ വിരുദ്ധമാണെന്നും അവർ കുറ്റപ്പെടുത്തി. നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ അക്രമത്തിലൂടെ നേരിടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കെയുഡബ്ല്യൂജെ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഇത്തരം നടപടികൾ അവസാനിപ്പിക്കാനും കുറ്റവാളികളെ ഉടൻ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമായി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

അതേസമയം, വനിത മാധ്യമപ്രവർത്തകർ പുറത്തുവിട്ട വെളിപ്പെടുത്തലുകൾ പശ്ചാത്തലത്തിൽ മാനേജ്മെന്റ് നിഷ്പക്ഷമായ അന്വേഷണം നടത്തി തൊഴിൽ സൗഹൃദ പണിയിടം ഉറപ്പാക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse