കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് നടി റിനി ആൻ ജോർജ് വിശദീകരണവുമായി രംഗത്തെത്തി. താൻ ഒരിക്കലും രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ലെന്നും സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും റിനി വ്യക്തമാക്കി.
“ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കും. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണം ഇങ്ങനെ തന്നെയാണെങ്കിൽ, പലതും തുറന്ന് പറയേണ്ടിവരും. അതിന്റെ പ്രത്യാഘാതം താങ്ങാനാവില്ല,” – റിനി ആൻ ജോർജ് മുന്നറിയിപ്പ് നൽകി.
തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ അത് തെളിയിക്കണമെന്നും, തെളിഞ്ഞാൽ “ജീവിതം അവസാനിപ്പിക്കാൻ പോലും തയ്യാറാണ്” എന്നും നടി പ്രതികരിച്ചു.
പറവൂരിൽ സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് റിനി പങ്കെടുത്തത്. യോഗത്തിൽ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, താൻ രാഷ്ട്രീയപരമായ നിലപാട് എടുത്തിട്ടില്ലെന്നും പാർട്ടികളുടെ പേരിൽ സംസാരിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
“ആരു ക്ഷണിച്ചാലും ഇത്തരം പരിപാടികളിലേക്ക് പോകും. എന്നാൽ ഇപ്പോൾ ഒരു സ്ഥലത്തും പോകാൻ കഴിയാത്ത വിധത്തിൽ ആക്രമണമാണ് നേരിടുന്നത്,” – റിനി പറഞ്ഞു.
താൻ നൽകിയ പരാതിയിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേർത്തു.
