മുങ്ങാങ്കുഴിയിടുന്ന ഡ്രോൺ; ഇന്ധനം ആണവോർജം, ലോകത്തെ ഞെട്ടിച്ച് വീണ്ടും റഷ്യ

മോസ്‌കോ: ആണവോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ക്രൂസ് മിസൈൽ പരീക്ഷിച്ചതിനുപിന്നാലെ, ആണവോർജത്തിൽ പ്രവർത്തിക്കുന്നതും മുങ്ങാങ്കുഴിയിടുന്നതുമായ ഡ്രോണും (സബ്‌മേഴ്‌സിബിൾ ഡ്രോൺ) റഷ്യ വികസിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനാണ് ബുധനാഴ്ച ‘പസെയ്‌ഡോൺ’ എന്നു പേരുള്ള ‘അന്തർവാഹിനി ഡ്രോൺ’ മാതൃമുങ്ങിക്കപ്പലിൽനിന്ന് വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചത്.

ചൊവ്വാഴ്ചയായിരുന്നു പരീക്ഷണം. എത്രദൂരത്തേക്കും സഞ്ചരിക്കാനാകുമെന്നതാണ് ഡ്രോണിന്റെ പ്രത്യേകത. ആണവമുങ്ങിക്കപ്പലിൽ പ്രവർത്തിക്കുന്ന റിയാക്ടറിനേക്കാൾ നൂറുമടങ്ങ് ചെറിയ ആണവറിയാക്ടറാണ് ഈ ഡ്രോണിലുള്ളതെന്നാണ് റഷ്യ പറയുന്നത്. ഇതാണ് ഡ്രോണിന് എത്രദൂരത്തേക്കും സഞ്ചരിക്കാനുള്ള ഇന്ധനം നൽകുന്നത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് 100 ടണ്‍ ആണ് ഭാരം. 20 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വ്യാസവുമുണ്ട്. ഇതിന് 2 മെഗാടണ്‍ ആണവ പോര്‍മുന വഹിക്കാന്‍ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകത്ത് നിലവിലുള്ള എല്ലാ സങ്കല്‍പ്പങ്ങളെയും തകര്‍ക്കുന്ന ആയുധ വികസനമാണ് റഷ്യ നടത്തിയിരിക്കുന്നത്.

ലക്ഷ്യത്തിന് 1600 അടി സമീപത്ത് എത്തി സ്‌ഫോടനം നടത്തും. ആണാവായുധമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആണവവികിരണമുള്ള സമുദ്രജലമുള്‍ക്കൊള്ളുന്ന 500 മീറ്റര്‍ ഉയരമുള്ള സുനാമിയായിരിക്കും ശത്രുക്കളെ കാത്തിരിക്കുന്നത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ എന്ന വേഗതയില്‍ 500 അടിയോളം താഴ്ചയില്‍ സഞ്ചരിക്കാനാകും.

ലോകത്തെവിടെയും എത്തി ആക്രമിക്കാനാകുന്ന പസെയ്‌ഡോൺ ഡ്രോണിനെ ബെല്‍ഗോര്‍ഡ് എന്ന ആണവ അന്തര്‍വാഹിനിയില്‍ നിന്നാണ് പരീക്ഷിച്ചത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ 10,000 കിലോമീറ്റര്‍ വരെ പരിധി ഇതിനുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബെല്‍ഗോര്‍ഡില്‍ ഇത്തരം മൂന്ന് പൊസെഡിയോണ്‍ ഡ്രോണുകളെ വഹിക്കാനാകും. 

കഴിഞ്ഞയാഴ്ചയാണ് ആണവോർജമുപയോഗിച്ച് സഞ്ചരിക്കാനാകുന്ന ‘ബുറെവെസ്റ്റ്‌നിക്’ ക്രൂസ് മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചത്. അതിനും എത്രദൂരത്തേക്കും സഞ്ചരിക്കാനാകും. പരീക്ഷണവിക്ഷേപണത്തിനിടെ, 15 മണിക്കൂറെടുത്ത് 14000 കിലോമീറ്ററോളം മിസൈൽ താണ്ടിയിരുന്നു.

ആണവായുധ പ്രയോഗശേഷിയിലുള്ള വൈവിധ്യവത്കരണത്തിലൂടെ റഷ്യ ലോകത്തെ ഞെട്ടിക്കുകയാണ്. യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ തുടര്‍ച്ചയായി ആണവായുധ വാഹക ആയുധങ്ങളുടെ പരീക്ഷണം നടത്തുന്നതിലൂടെ യു.എസ് ഉള്‍പ്പെടുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള കൃത്യമായ മുന്നറിയിപ്പാണ്‌

malayalampulse

malayalampulse