വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുടെ മേൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പാണിതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ഉറപ്പ് നൽകിയതായും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.”റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി,” ട്രംപ് പറഞ്ഞു.റഷ്യയിൽ നിന്നുള്ള എണ്ണ ഇടപാടുകളുടെ പേരിലാണ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നത്. ഈ അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കുകയും, കയറ്റുമതിയിൽ 12 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങൾക്കിടെ ഇന്ത്യ ഈ ഇടപാടിൽ നിന്ന് പിന്മാറുന്നത് ആഗോള ഊർജ്ജ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
