കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാംനെ Enforcement Directorate (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു.
ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജയറാം, തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചതായി പറഞ്ഞു. “കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. വീണ്ടും ഹാജരാകാനും പറഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ല,” എന്നാണ് ജയറാമിന്റെ വിശദീകരണം.
ശബരിമലയിലെ സ്വര്‍ണ വാതില്‍, ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇരുവരും ചേര്‍ന്ന് പൂജ ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. 12 പേര്‍ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ടെന്നും, ഇതില്‍ മൂന്ന് പേര്‍ എസ്.ഐ.ടി പ്രതികളാണെന്നും വിവരമുണ്ട്.
കല്‍പേഷ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
