തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇതോടെ രണ്ടാം തവണയാണ് എസ്ഐടി പത്മകുമാറിന് നോട്ടീസയക്കുന്നത്.
അതേസമയം, കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ്. വാസുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും അദ്ദേഹത്തിന്റെ ഓഫീസിനും വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ വാസുവിന്റെ ശുപാര്‍ശയിലൂടെയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍നിന്ന് എക്സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയതായും പിന്നീട് അതിനെ വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണറുടെ വീഴ്ചയുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
