ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേര് ചേര്‍ന്നിരിക്കുന്നത്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമായതായി വ്യക്തമാക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലൂടെയാണെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 മാര്‍ച്ച് 19ന് വാസുവിന്റെ ശുപാര്‍ശയിലാണ് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത്. കേസ് സംബന്ധിച്ച് രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.

തട്ടിപ്പില്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നതായി സൂചന. സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തുന്നതിലും വില്‍പ്പനയില്‍ പങ്കാളിത്തം വഹിച്ചവരെയും എസ്‌ഐടി തിരിച്ചറിഞ്ഞതായാണ് വിവരം.

കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. മുന്‍ ദേവസ്വം കമ്മീഷണറായ എന്‍ വാസുവിനെ നേരത്തേ തന്നെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

malayalampulse

malayalampulse