തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നൽകിയ മൊഴി വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി കണ്ഠരർ രാജീവരുടെ അറിവോടെയാണെന്ന് പത്മകുമാർ വ്യക്തമാക്കി. പോറ്റിയെ തന്റെ പരിചയത്തിലേക്ക് കൊണ്ടുവന്നതും തന്ത്രിയായിരുന്നു. ഇതിലൂടെ തന്നെയാണ് പോറ്റിയെ വിശ്വസിക്കാനും കൂടുതൽ അടുപ്പമാക്കാനും കാരണമായതെന്ന് മൊഴിയിൽ പറയുന്നു.
കട്ടിള പാളിയും ദ്വാരപാലക ശിൽപ്പങ്ങളും സ്വർണ്ണം പൂശാനായി സന്നിധാനത്തിൽ നിന്ന് ചെന്നൈക്ക് അയക്കുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നുവെന്നും പത്മകുമാർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ശബരിമലയിൽ ഉള്ള തന്റെ മുറിയിൽ പോറ്റി താമസിച്ചതും ആറന്മുളയിലെ വീട്ടിലെ സന്ദർശനവും സൗഹൃദപരമായതാണെന്ന് പത്മകുമാർ സമ്മതിച്ചു. പത്മകുമാറിനെ ചോദ്യം ചെയ്യൽ ഇന്ന് പകലും തുടരും.
അതേ സമയം, സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതികളിലൊരാളായ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം നിഷേധിച്ചു. വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വർണ്ണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തിയതുമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് മുരാരി ബാബു.
