ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി

കണ്ടെത്തിയത് ഗോവര്‍ധന് വിറ്റ സ്വര്‍ണം

ബെംഗളൂരു: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക മുന്നേറ്റം. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം (SIT) കട്ടികളുടെ രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് എസ്‌ഐടി സംഘം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവര്‍ധനന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം വീണ്ടെടുത്തത്. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. ഇത് മുഴുവന്‍ വീണ്ടെടുക്കാനായോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഭൂരിഭാഗം പങ്കും തിരിച്ചുപിടിച്ചതായി വിവരം ലഭിക്കുന്നു.

സ്വര്‍ണം വിറ്റതും വാങ്ങിയതും സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും സമ്മതം നല്‍കിയിട്ടുണ്ട്. ബെല്ലാരിയിലെ ‘റോദ്ദം ജ്വല്ലറി’ ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് ശബരിമലയിലെ പൂജാരിയാണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനെ സമീപിച്ചത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന് പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകത്തിലെ മറ്റും പലരില്‍നിന്നും സ്വര്‍ണവും പണവും സ്വീകരിച്ചതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.

സ്പോൺസർഷിപ്പിന്റെ പേരില്‍ പല തവണ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം ആവശ്യപ്പെട്ടിരുന്നുവെന്ന് ഗോവര്‍ധന്‍ അന്വേഷണ സംഘത്തോട് മൊഴി നല്‍കി. സന്നിധാനത്തെ വാതിലിലും കട്ടിളയിലും പൂശാന്‍ സ്വര്‍ണം നല്‍കിയതും, സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തന്റെ പേരിലുള്ള ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമാണ് എന്ന് ഗോവര്‍ധന്‍ മൊഴിയില്‍ വ്യക്തമാക്കി.

malayalampulse

malayalampulse