തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം സത്യസന്ധവും വേഗത്തിലുമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തോടെ കാണുന്നതായും, കോടതി തന്നെ അന്വേഷണം മന്ദഗതിയിലാണെന്ന് ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി എസ്ഐടി അന്വേഷണം നിർദേശിച്ചതിനാലാണ് പ്രതിപക്ഷം അതിനെ പിന്തുണച്ചതെന്നും, അന്വേഷണം ഇനി കാര്യക്ഷമമായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലൂടെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യ സമ്മർദ്ദവും സ്വാധീനിക്കാനുള്ള ശ്രമവും മുഖ്യമന്ത്രിയുടെ ഓഫീസ് അവസാനിപ്പിക്കണം. ഇത്തരം ഇടപെടലുകൾ തുടർന്നാൽ ബന്ധപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. എസ്ഐടിയിൽ താൻ അവിശ്വാസം രേഖപ്പെടുത്തുന്നില്ലെന്നും, “വൻ തോക്കുകളെ” പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമരാജ് കോൺഗ്രസ് വിഷയത്തിലും വി.ഡി. സതീശൻ പ്രതികരിച്ചു. ആ വാതിൽ അടച്ചുവെന്നും, അത് ഒരു അനുഭവം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരൻ വിഷയത്തിൽ ഇനി ഒരു ചർച്ചയ്ക്കും ഇടയില്ല. അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും, യുഡിഎഫ് എല്ലാം ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വ്യക്തമാക്കി. സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്നും, ഇനി ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് വിഭജനം സംബന്ധിച്ച വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടില്ല. യുഡിഎഫ് കക്ഷികളുടെ കൂട്ടായ്മ മാത്രമല്ല, സമാന ആശയമുള്ളവരുടെ വിശാല രാഷ്ട്രീയ പ്ലാറ്റ്ഫോമായി മുന്നണി മാറുമെന്നും വി.ഡി. സതീശൻ ആവർത്തിച്ചു. ഈ ആശയം മുന്നോട്ടുവച്ചപ്പോൾ എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ അഭിനന്ദിച്ചതായും, ഇത് കെ. കരുണാകരന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
