തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിൻ വെളിപ്പെടുത്തി. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് തങ്ങൾ ശബരിമലയിലേക്ക് പോയതെന്നും, കാറിലുണ്ടായിരുന്ന ചിലർ ദ്വാരപാലക ശിൽപ്പമാണെന്ന് പറഞ്ഞിരുന്നുവെന്നും, എന്നാൽ അത് സ്വർണമാണോ ചെമ്പാണോ വെള്ളിയാണോ എന്നൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘തിരുവോണ ദിനത്തോടനുബന്ധിച്ചാണ് ഞങ്ങൾ ശബരിമലയിലേക്ക് പോയത് എന്നൊരു ഓർമ്മയുണ്ട്. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് പുറപ്പെട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദബന്ധം മാത്രമാണ് എനിക്കുള്ളത്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഞാൻ പണം നൽകിയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു എന്നിവരുള്‍പ്പെടെ എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് ഞങ്ങൾ പുറപ്പെട്ടു. ശബരിമലയിലേക്ക് പോകുന്നുണ്ട്, വരുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ കൂടിയതായിരുന്നു. അതിന് അപ്പുറം ഒന്നും എനിക്കറിയില്ല,’** എന്ന് വിനീത് ജെയിൻ പറഞ്ഞു.
1998-ൽ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീകോവിലിലും ദ്വാരപാലക ശിൽപ്പങ്ങളിലും പീഠങ്ങളിലും സ്വർണം പൊതിഞ്ഞ് നൽകിയിരുന്നത്. 2019-ൽ അതിന് മങ്ങലേൽക്കുകയായിരുന്നു. തുടർന്ന് സ്വർണം പുതുക്കി പൂശണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ സമീപിച്ചു.
2019 ജൂലൈയിൽ തിരുവാഭരണ കമ്മീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണം പൂശിയ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൈമാറി. പിന്നീട് തൂക്കിയപ്പോൾ നാൽക്കിലോയുടെ കുറവ് അനുഭവപ്പെട്ടതോടെ വീണ്ടും തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തിൽ സ്വർണം പൂശി തിരികെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
ഇതിനുശേഷവും സ്വർണപ്പാളികൾക്ക് വീണ്ടും മങ്ങലേറ്റു. അറ്റകുറ്റപ്പണികൾക്കായി പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയി, എന്നാൽ അതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് കാണിച്ച് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് പീഠത്തിലെ സ്വർണപ്പാളി വിവാദം പൊട്ടിപ്പുറപ്പെട്ടത്.
